തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യങ്ങള്‍ യൂട്യൂബ് ചാനലില്‍ പ്രചരിച്ചതിനെക്കുറിച്ച് അന്വേഷണത്തിനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഉറപ്പായ ചോദ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് വ്ളോഗര്‍ പരീക്ഷയുടെ തലേദിവസം ചോദ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇതേ ചോദ്യങ്ങള്‍ പരീക്ഷക്ക് ആവര്‍ത്തിച്ചതില്‍ ദൂരൂഹതയുണ്ടെന്നാണ് ആരോപണം.
അധ്യാപക സംഘടനകള്‍ തന്നെയാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. 15-ാം തീയതി നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ തലേദിവസം ഉറപ്പായും വരുന്ന ചോദ്യങ്ങള്‍ എന്ന പേരില്‍ ചെയ്ത വീഡിയോയിലെ 40 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ പിറ്റേ ദിവസം ആവര്‍ത്തിച്ചു. തൊട്ടടുത്ത ദിവസം നടന്ന സോഷ്യല്‍ സയന്‍സ് അടക്കമുള്ള പരീക്ഷകള്‍ക്കും 40 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഇയാളുടെ വീഡിയോയില്‍നിന്നായിരുന്നു.
ഈ സാമ്യമാണ് സംശയത്തിന് കാരണമായത്. ഇയാള്‍ യൂട്യൂബ് വഴി കുട്ടികള്‍ക്ക് ക്ലാസെടുക്കുന്ന ആളാണ്. വിഷയം വിദ്യാഭ്യാസ വകുപ്പ് വിശദമായി പരിശോധിച്ച ശേഷം അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം.