CrimeNEWS

വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ കഴുത്തറത്തുകൊന്നു; പാക്ക് ദമ്പതികള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം

റോം: വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ കൊന്നതിന് പാക്കിസ്താന്‍ ദമ്പതികള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം തടവ് ശിക്ഷ. ബൊലോഗ്‌നയില്‍ കഴിഞ്ഞിരുന്ന സമാന്‍ അബ്ബാസ് എന്ന പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് മാതാപിതാക്കളാണ് ഉത്തരവിട്ടതെന്നും, പെണ്‍കുട്ടിയുടെ അമ്മാവന്‍ കഴുത്തു ഞെരിച്ച് കൊന്നതായി ബോധ്യപ്പെട്ടതായും മധ്യ ഇറ്റലിയിലെ റെജിയോ എമിലിയിലുള്ള ട്രൈബ്യൂണല്‍ വിധിച്ചു.

പെണ്‍കുട്ടിയുടെ അമ്മാവന് 14 വര്‍ഷം തടവിനും കോടതി വിധിച്ചു.കേസില്‍ വിചാരണ നേരിട്ട പെണ്‍കുട്ടിയുടെ 2 ബന്ധുക്കളെ വെറുതെവിട്ടു. 2021 ലായിരുന്നു കേസിനാസ്പദമായ സംഭവം. മേയ് ആദ്യമാണ് സമാനെ കാണാതായത്. 2020ല്‍ പാക്കിസ്ഥാനിലുള്ള ബന്ധുവിനെ വിവാഹം കഴിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം പെണ്‍കുട്ടി നിരസിച്ചിരുന്നു. ഇതിനുശേഷം വീട്ടുകാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടി അഭയകേന്ദ്രത്തിലെത്തി.

Signature-ad

എന്നാല്‍, 2021 ഏപ്രില്‍ അവസാനം കാമുകനുമായി ജീവിക്കുന്നതിനായി പാസ്പോര്‍ട്ട് എടുക്കുന്നതിനു പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷം സമാനെ കണ്ടിട്ടില്ലെന്ന കാമുകന്റെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം. പൊലീസ് എത്തിയപ്പോഴേക്കും കുടുംബം പാക്കിസ്ഥാനിലേക്ക് കടന്നിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതായും അഞ്ചുപേര്‍ വീട്ടില്‍ നിന്ന് പോകുന്നതായും തിരിച്ചറിഞ്ഞു. കഴുത്തറുത്ത നിലയിലാണു മൃതദേഹം കണ്ടെത്തിയത്.

പിതാവ്, അമ്മാവനുമായി ചേര്‍ന്ന് കൊലപാതകം നടത്താന്‍ പദ്ധതിയിട്ടത് കേട്ടതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പൊലീസിന് മൊഴി നല്‍കി. ഇതേതുടര്‍ന്ന് പിതാവ് ഷബാര്‍ അബ്ബാസ് പാക്കിസ്ഥാനില്‍ അറസ്റ്റിലായി. അമ്മാവന്‍ ഡാനിഷ് ഹസ്‌നൈന്‍ ഫ്രാന്‍സില്‍ നിന്നും അധികൃതര്‍ തിരിച്ചയയ്ക്കുകയായിരുന്നു. ബന്ധുക്കള്‍ സ്പെയിനില്‍ നിന്നാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവ് നസിയ ഷഹീന്‍ ഇപ്പോഴും ഒളിവിലാണ്.

Back to top button
error: