മലപ്പുറം: സൗദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശിക്കെതിരേ ഇബ്രാഹിം ഒത്തയ്ബി എന്ന സൗദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസില്‍ സൗദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല.
മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി പുതിയകത്ത് ഷമീലിനെതിരെയാണ് സൗദി പൗരന്റെ പരാതി. തന്റെ് പക്കല്‍നിന്നു വാങ്ങിയ 1,25,43,400 സൗദി റിയാല്‍, അഥവാ ഇരുപത്തിയെഴേ മുക്കാല്‍ കോടിയോളം രൂപ തിരിച്ചു തരാതെ ഷമീല്‍ സൗദിയില്‍ നിന്ന് മുങ്ങിയതായി ഇബ്രാഹിം മുഹമ്മദ് അല്‍ ഒത്തയ്ബി ജിദ്ദയില്‍ പറഞ്ഞു. സൗദിയില്‍ ഷമീല്‍ നടത്തി വന്നിരുന്ന ബിസിനസില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു പണം വാങ്ങിയത്.
കേസില്‍ ഒത്തയ്ബിക്ക് അനുകൂലമായി സൗദി കോടതിയുടെ വിധിയുണ്ടായിട്ടും ഷമീല്‍ രാജ്യം വിട്ടതിനാല്‍ ഇതുവരെ പണം തിരിച്ചു കിട്ടിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഓഫീസിലും, വിദേശ കാര്യ മന്ത്രാലയത്തിലും, ഇന്ത്യന്‍ കോണ്‍സുലേറ്റിലുമെല്ലാം പരാതി നല്‍കിയിട്ടുണ്ട് എന്ന് ഒത്തയ്ബി പറഞ്ഞു.
പലരെയും അകമഴിഞ്ഞു സഹായിച്ചിരുന്ന സൗദി പൗരന്, ഇപ്പോള്‍ മറ്റുള്ള മലയാളികളിലുള്ള വിശ്വാസം കൂടി നഷ്ടപ്പെട്ടതായി ഇബ്രാഹിം ഒഥൈബിയുടെ മലയാളി സുഹൃത്തുക്കള്‍ പറഞ്ഞു. സൗദിയിലെ ഓറക്സ് ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ നിന്നു ശമീല്‍ എടുത്ത വായ്പയ്ക്കു ഇബ്രാഹിം ഒഥൈബി തന്റെ സ്വത്ത് ജാമ്യം നല്കിയിരുന്നു. വായ്പ തിരിച്ചടക്കാത്ത സാഹചര്യത്തില്‍ ഒത്തയ്ബിയുടെ സ്വത്ത് ബാങ്ക് കണ്ടുകെട്ടി. ഈ ഇനത്തില്‍ അമ്പത്തിമൂന്നര ലക്ഷത്തോളം റിയാലും, ബിസിനസ് പങ്കാളിത്തത്തിന്റെ പേര് പറഞ്ഞ് വാങ്ങിയ 72 ലക്ഷം റിയാലുമാണ് ഷമീല്‍ നാല്‍കാനുള്ളത്.
പണം തിരികെ കിട്ടാന്‍ ഇബ്രാഹിം ഒഥൈബി നാട്ടില്‍ ഷമീലിന്റെ വീട്ടില്‍ പോകുകയും, ദുബായില്‍ വെച്ച് ഷമീലിനെ നേരിട്ടു കാണുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. സൗദി പൗരന്മാരെ കബളിപ്പിക്കുകയാണ് ഷമീല്‍ എന്നും പ്രവാസികളോടുള്ള സുഹൃദ് ബന്ധത്തെപ്പോലും ബാധിക്കുന്ന സാമ്പത്തിക തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്നും ഇബ്രാഹിം ഒത്തയ്ബി ആരോപിച്ചു.