ചെന്നൈ: കൊല്ലപ്പെട്ട നഴ്‌സിങ് വിദ്യാര്‍ഥിനിയായ കൊല്ലം തെന്മല ഉറുകുന്ന് സ്വദേശി ഫൗസിയ(20)യുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പിതാവ് ബദറുദ്ദീന്‍ മൃതദേഹം ഏറ്റുവാങ്ങി. രാത്രിയോടെ ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെയാണ് ഫൗസിയയെ കാമുകനായ കൊല്ലം സ്വദേശി എം. ആഷിഖ് (20) ഹോട്ടല്‍മുറിയില്‍ കഴുത്തുഞെരിച്ചു കൊന്നത്. അന്നുതന്നെ ആഷിഖിനെ പോലീസ് അറസ്റ്റുചെയ്തു.
മകളുടെയും ആഷിഖിന്റെയും വിവാഹം ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെന്നും അതിനിടെയാണ് അപ്രതീക്ഷിതദുരന്തമെന്നും ബദറുദ്ദീന്‍ പറഞ്ഞു. ആഷിഖ് മയക്കുമരുന്നിന് അടിമയായിരുന്നെന്നും അതിന്റെ ലഹരിയിലായിരിക്കും കൊലപാതകം നടത്തിയതെന്നും ബദറുദ്ദീന്‍ പറഞ്ഞു. ഫൗസിയയെ അയാള്‍ നേരത്തേയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. അതിനാലാണ് വിവാഹം നടത്താന്‍ തയ്യാറായത്. ആഷിഖിന്റെ വീട്ടുകാര്‍ക്ക് ഇതിനോട് എതിര്‍പ്പായിരുന്നു. 2016 മുതല്‍ ഇരുവരും അടുപ്പത്തിലായിരുന്നു. നിയമപരമായി വിവാഹിതരായില്ലെങ്കിലും അവര്‍ക്ക് ഒരു കുഞ്ഞുണ്ട്.
ചെന്നൈ ക്രോംപെട്ടിലെ ബാലാജി മെഡിക്കല്‍ കോളേജില്‍ രണ്ടാംവര്‍ഷ നഴ്‌സിങ്ങിന് പഠിക്കുകയായിരുന്നു ഫൗസിയ. ഏതാനുംദിവസം മുമ്പാണ് ആഷിഖ് നാട്ടില്‍നിന്ന് ചെന്നൈയിലെത്തിയത്. തുടര്‍ന്ന് ഫൗസിയയെുംകൂട്ടി ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. ആഷിഖിന്റെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങള്‍ കണ്ടതിനെ ചോദ്യംചെയ്തപ്പോഴാണ് വഴക്കുണ്ടായത്. തുടര്‍ന്ന് ടീഷര്‍ട്ട് കൊണ്ട് ഫൗസിയയെ കഴുത്തുമുറുക്കി കൊന്നു. രംഗം മൊബൈലില്‍ പകര്‍ത്തി വാട്സാപ്പ് സ്റ്റാറ്റസാക്കി. ഫൗസിയയുടെ ചില സുഹൃത്തുക്കള്‍ ഇതുകണ്ട് വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് ആഷിഖിനെ അറസ്റ്റുചെയ്തത്. നേരത്തേ പ്രായപൂര്‍ത്തിയാവാതെ ഫൗസിയക്കൊപ്പം കഴിഞ്ഞതിനെത്തുടര്‍ന്ന് ആഷിഖിനെ പോക്സോ കേസ് ചുമത്തി അറസ്റ്റുചെയ്തിരുന്നു. ഫൗസിയയുടെ കുടുംബം ഇടപെട്ടാണ് ആഷിഖിനെ ജയിലില്‍നിന്ന് മോചിപ്പിച്ചത്.