CrimeNEWS

പിടിച്ചെടുത്ത 125 കുപ്പി മദ്യവും 15 ടേബിള്‍ ഫാനും മോഷ്ടിച്ചു; ഗുജറാത്തില്‍ അഞ്ച് പൊലീസുകാര്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍: പൊലീസ് സ്റ്റേഷനില്‍ നിന്ന് 125 കുപ്പി മദ്യവും 15 ടേബിള്‍ ഫാനും അടക്കം 1.97 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ അഞ്ച് പൊലീസുകാര്‍ അറസ്റ്റില്‍. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ ബകോര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. പിടിച്ചെടുത്ത മദ്യവും ഫാനുകളും വനിതാ ലോക്കപ്പിലാണ് സൂക്ഷിച്ചിരുന്നത്.

”ടേബിള്‍ ഫാന്‍ പെട്ടികളില്‍ വിദേശമദ്യം കടത്താന്‍ ശ്രമിച്ച ആളില്‍നിന്ന് 482 കുപ്പി മദ്യവും 75 ടേബിള്‍ ഫാനുകളും പിടിച്ചെടുത്തിരുന്നു. സ്റ്റോര്‍ റൂം ഫുള്‍ ആയതിനാലാണ് വനിതാ ലോക്കപ്പില്‍ സാധനങ്ങള്‍ സൂക്ഷിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുന്നതിനാല്‍ പിടിച്ചെടുത്ത വസ്തുക്കളുടെ രേഖ നല്‍കാനും പൊലീസ് സ്റ്റേഷന്‍ വൃത്തിയാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലോക്കപ്പ് വൃത്തിയാക്കുന്നതിനിടെ മദ്യക്കുപ്പികളുടെയും ഫാനുകളുടെയും കാലിയായതോ തകര്‍ന്നതോ ആയ പെട്ടികള്‍ കണ്ടെത്തുകയായിരുന്നു”-ഡി.എസ്.പി പി.എസ് വാല്‍വി പറഞ്ഞു.

എ.എസ്.ഐ അരവിന്ദ് കാന്ദ് ആണ് ഒക്ടോബര്‍ 25ന് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. രാത്രി 10 മണിയോടെ അരവിന്ദ് കാന്ദ് ഹെഡ് കോണ്‍സ്റ്റബിള്‍ ലളിത് പര്‍മാറിന്റെ നേതൃത്വത്തില്‍ ലോക്കപ്പില്‍ പ്രവേശിക്കുന്നതിന്റെയും മദ്യക്കുപ്പികളുമായി പുറത്തുവരുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: