CrimeNEWS

ഭര്‍ത്താവ് വിദേശത്തെ കാമുകിയെ കാണാന്‍പോയി; വിവരമറിഞ്ഞ ഭാര്യ നാട്ടില്‍ ജീവനൊടുക്കി

മുംബൈ: ഭര്‍ത്താവ് വിദേശത്തുള്ള കാമുകിയുടെ അടുത്തേക്ക് പോയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശിയായ കാജല്‍(25) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ വിദേശത്തുനിന്ന് തിരിച്ചെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുക്രൈനിലെ കാമുകിയെ കാണാന്‍പോയത്. നേരത്തെ യുക്രൈനില്‍ ജോലിചെയ്യുന്നതിനിടെയാണ് വിദേശവനിതയുമായി നിതീഷ് അടുപ്പത്തിലായതെന്നാണ് കാജലിന്റെ കുടുംബം ആരോപിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശവനിതയുമായുള്ള ഭര്‍ത്താവിന്റെ രഹസ്യബന്ധത്തെക്കുറിച്ച് കാജല്‍ അറിഞ്ഞിരുന്നു. ഭര്‍ത്താവും കാമുകിയും ഒരുമിച്ചുള്ള ചില ചിത്രങ്ങളും യുവതി കാണാനിടയായി. ഇതോടെ ഭര്‍ത്താവിനെ ബന്ധത്തില്‍നിന്ന് വിലക്കുകയും ഇനി യുക്രൈനില്‍ ജോലിക്കായി പോകരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍, നവംബര്‍ എട്ടാം തീയതി ഭാര്യയെ കബളിപ്പിച്ച് നിതീഷ് യുക്രൈനിലേക്ക് കടന്നുവെന്നാണ് കാജലിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

മുംബൈയിലെ ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നിതീഷ് കല്യാണിലെ വീട്ടില്‍നിന്ന് യാത്രതിരിച്ചത്. എന്നാല്‍, ഇത് കള്ളമായിരുന്നു. തുടര്‍ന്ന് യുക്രൈനിലെത്തിയ ശേഷം ഇയാള്‍ ഭാര്യയ്ക്ക് ചില സന്ദേശങ്ങളും അയച്ചു. താന്‍ യുക്രൈനില്‍ എത്തിയെന്നും ഇനി തിരികെ വരില്ലെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഇതോടെയാണ് യുവതി വീടിനുള്ളില്‍ ജീവനൊടുക്കിയത്.

ആത്മഹത്യയ്ക്ക് മുന്‍പ് താന്‍ മരിക്കാന്‍ പോകുകയാണെന്ന് സൂചിപ്പിച്ച് സുഹൃത്തുക്കള്‍ക്കും ചില ബന്ധുക്കള്‍ക്കും യുവതി സന്ദേശം അയച്ചിരുന്നു. ഭര്‍ത്താവിന്റെ സന്ദേശം ലഭിച്ചതിന് പിന്നാലെ അമ്മയെ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതി കടുംകൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, കാജലിന്റെ മരണവിവരമറിഞ്ഞ് കഴിഞ്ഞദിവസമാണ് നിതീഷ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് കല്യാണിലെ വീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: