CrimeNEWS

സ്വര്‍ണലായനിയില്‍ മുക്കിയ ലുങ്കികള്‍; തിരുവനന്തപുരത്ത് 2 കോടിയുടെ സ്വര്‍ണം പിടിച്ചു

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ ഒരേ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരില്‍നിന്നായി രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി കൈതപ്പറമ്പില്‍ സുഹൈബിനെ (34) ആണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. സുഹൈബിന്റെ പക്കല്‍നിന്നു ഫ്‌ലാസ്‌കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മിശ്രിത രൂപത്തില്‍ കടത്തിയ 1.959 കിലോ സ്വര്‍ണം കണ്ടെത്തി. ഏകദേശം 1.2 കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്.

സ്വര്‍ണലായനിയില്‍ മുക്കിയ ശേഷം മടക്കി ബാഗിനുള്ളില്‍ സൂക്ഷിച്ച ലുങ്കികളും പിടികൂടി. തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്‌സറിന്റെ (28) പക്കല്‍ നിന്നാണു 10 ലുങ്കികള്‍ പിടികൂടിയത്. ഈ ലുങ്കികളുടെ ഭാരം 4.3 കിലോഗ്രാമായിരുന്നു. ബാഗേജ് എക്‌സ്‌റേ പരിശോധന നടത്തിയപ്പോള്‍ സംശയം തോന്നിയാണു സാധനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.

Signature-ad

ലുങ്കിയില്‍നിന്നു സ്വര്‍ണം വേര്‍തിരിച്ച് അളവെടുക്കുന്നതിനു കൊച്ചിയിലെ കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു. ഏകദേശം ഒരു കിലോഗ്രാം സ്വര്‍ണം ഈ ലുങ്കികളില്‍ ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഏകദേശം 60 ലക്ഷം രൂപ വില വരും. ദുബായില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും.

Back to top button
error: