തിരുവനന്തപുരം: മന്ത്രി ആര്‍.ബിന്ദുവിന്റെ ഔദ്യോഗിക വസതിയിലേക്കു നടത്തിയ മാര്‍ച്ചിനിടെ ലാത്തികൊണ്ട് അടിച്ചു മൂക്കിന്റെ പാലം തകര്‍ത്ത പൊലീസുകാരന്റെ മുഖം തിരിച്ചറിഞ്ഞതായി കെഎസ്‌യു സംസ്ഥാന സമിതിയംഗം നസിയ മുണ്ടപ്പള്ളി. അപ്രതീക്ഷിതമായി അടിയേറ്റയുടന്‍ ബോധം മറഞ്ഞെങ്കിലും പിന്നീടു ചാനല്‍ ദൃശ്യങ്ങളില്‍നിന്നു പൊലീസുകാരനെ തിരിച്ചറിഞ്ഞു. കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചിത്രം സഹിതം സംസ്ഥാന പൊലീസ് മേധാവി, വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കു പരാതി നല്‍കിയതായി നസിയ പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ നസിയ ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രി വിട്ടത്. സുഗമമായി ശ്വാസമെടുക്കാനോ ദീര്‍ഘനേരം സംസാരിക്കാനോ കഴിയാത്ത സ്ഥിതിയിലാണ്. കോട്ടയം മേലുകാവ് സ്വദേശിനിയായ നസിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്.
വനിതാ പൊലീസുകാര്‍ക്കു പകരം പുരുഷ പൊലീസുകാരാണ് വനിതകള്‍ക്കെതിരെ ബലം പ്രയോഗിച്ചതെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വനിതാ പ്രവര്‍ത്തകരെ അസഭ്യം വിളിച്ചെന്നും നസിയ പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോള്‍ പെട്ടെന്നായിരുന്നു രണ്ടാം നിരയില്‍നിന്നു മറ്റൊരു പൊലീസുകാരന്‍ ലാത്തി തലയ്ക്കു നേരെ ഉയര്‍ത്തി വീശിയത്. മൂക്കിനാണ് അടിയേറ്റത്. ചോരയൊലിച്ചു കിടന്ന തന്നെ ആശുപത്രിയിലെത്തിക്കാന്‍ ആദ്യം പൊലീസുകാര്‍ തയാറായില്ലെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞറിഞ്ഞു. നസിയ പറഞ്ഞു.
നസിയ മുണ്ടപ്പള്ളിയെ മര്‍ദിച്ച ഈ പൊലീസുകാരന്‍ പൊലീസിന് ഇപ്പോഴും കാണാമറയത്താണ്. സമരക്കാരുടെ തലയ്ക്ക് അടിക്കരുതെന്ന നിര്‍ദേശം ലംഘിച്ച് സേനയ്ക്കു നാണക്കേടുണ്ടാക്കിയ പൊലീസുകാരന്‍ ആരെന്ന് അറിയില്ലെന്നാണു പൊലീസിന്റെ നിലപാട്.
അതേസമയം, സമരാഭാസമാണു കെഎസ്‌യു നടത്തുന്നതെന്നും തൃശൂര്‍ കേരളവര്‍മ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ താന്‍ ഇടപെട്ടു എന്നാരോപിക്കുന്നവര്‍ തെളിവു നല്‍കണമെന്നും മന്ത്രി ആര്‍.ബിന്ദു. കലാലയ തിരഞ്ഞെടുപ്പില്‍ മന്ത്രി ഇടപെടേണ്ടതില്ല. ഇടപെട്ടിട്ടുമില്ല. ഇതു സംബന്ധിച്ചു തനിക്കു പരാതി ലഭിച്ചിട്ടുമില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുന്‍പ് അന്ന് പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.