FeatureNEWS

കോഴിക്കോടാണോ ഓസ്ട്രേലിയ ആണോ വികസനത്തിൽ മുൻപിൽ? 

 സ്ട്രേലിയയിൽ, പതിനെട്ട് പൂർത്തിയാവുമ്പോൾ, ഒരു ലൈസൻസ് കിട്ടും – വെള്ളമടിക്കാനുള്ള ലൈസൻസ് ! ആ ലൈസൻസ് കിട്ടാൻ കാത്തിരുന്ന, പോലെ, പിള്ളേരെല്ലാം കൂടി, ഏതെങ്കിലും മെയിൻ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ, റിസോർട്ട് ബുക്ക്‌ ചെയ്യും.അന്നേ ദിവസം, കേക്ക് മുറിച്ചില്ലെങ്കിൽ പോലും, രണ്ട് പെഗ്ഗ്  അടിച്ചിരിക്കണം, എന്നത് അലിഖിത നിയമം.
ഈയിടെ, അങ്ങോട്ടേക്കു കുടിയേറിയ  ഒരു സുഹൃത്ത്, ഇതൊക്കെയല്ലേടാ വികസനം – എന്ന് ആശ്ചര്യത്തോടെ, ഫോണിൽ പറയുന്നത് കേട്ടപ്പോൾ,
 അങ്ങനെ നോക്കിയാൽ എന്റെ നാടൊക്കെ, എത്രയോ പണ്ടേ വികസിച്ചിരുന്നു, എന്ന് ഞാനോർത്തു പോയി.
 ഇന്നോ ഇന്നലയോ നടന്ന കാര്യങ്ങളല്ലാട്ടോ.. പത്തിരുപത്തഞ്ചു വർഷം പുറകോട്ട് പോണം.കരിമ്പ് – കോഴിക്കോടിന്റെ മലയോരം.കരിമ്പ് കഴിഞ്ഞാൽ, സഹ്യന്റെ  ഔദ്യോഗിക വനമേഖലയാണ്.
 അതുകൊണ്ട്, അയൽവാസികളായി ആനയും,മുയലും, മലാനും, മലയണ്ണാനും, കാട്ടുപന്നീം ഒക്കെയുണ്ടാവും.
പ്രധാന, ഉപജീവനമാർഗ്ഗമായ, കൃഷിയൊക്കെ മേല്പറഞ്ഞവരുമായുള്ള പാർട്ണർഷിപ്പിലാണ് നടത്തി പോരുന്നത്. ഫിഫ്റ്റി ഫിഫ്റ്റി ഒന്നുമല്ല ഷെയർ… അവർക്കിഷ്ടമുള്ളത് എടുത്തിട്ട് ബാക്കി നമ്മക്ക്, അതാണ് ഡീൽ.. അല്ലെങ്കിൽ നോ ഡീൽ.
പതിനാറു തികയുമ്പോളേക്കും, ഇവിടുത്തെ യുവാക്കളുടെ, പഠനത്തിനു തിരശീല വീഴും.
പിന്നെ കൃഷി, കന്നുകാലി വളർത്തൽ, തുടങ്ങി ജീവിതം ആരംഭിക്കുകയായി.
ഇതിനു മുന്നോടിയായി ആ പ്രാവശ്യത്തെ വല്യവധിക്ക്, പതിനാറു കഴിഞ്ഞു പുര നിറഞ്ഞ് നിക്കണ, യുവാക്കന്മാരെല്ലാം കൂടി, ആഘോഷമായി വെള്ളരിമലക്കൊരു,  ട്രിപ്പ്‌ വക്കും.
  കരിമ്പിന്റെ  അതിർത്തി താണ്ടി, കാട്ടിലൂടെ ഏകദേശം ഒന്നര  ദിവസത്തോളം വരുന്ന യാത്ര.
എത്തിപ്പെടാൻ എളുപ്പമായിരുന്നെങ്കിൽ, ഈ വെള്ളരിമല, കേരളത്തിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടാൻ,  വ്ലോഗ്ഗർമാരുടെ,പോലും  സഹായം, വേണ്ടി വരില്ലാരുന്നു.
 തടി വെട്ടി,കടത്തികൊണ്ടിരുന്ന, കൂപ്പു റോഡ്, വഴി തെളിക്കും.
കാട്ടിൽക്കൂടി, നാല് കിലോമീറ്റർ, പോയാൽ ഒലിച്ചു ചാട്ടം, എന്നറിയപ്പെടുന്ന, അതിമനോഹരമായ വെള്ളച്ചാട്ടം.
ഏകദേശം അര കിലോമീറ്ററോളം, നീളത്തിൽ, കുത്തനെ കിടക്കുന്ന,ഒരു വലിയ പാറയിലൂടെ, ഒരു പുഴയുടെ തുടക്കം, സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക്, ഒലിച്ചിറങ്ങുന്ന  സീനാണ് ഫ്രെയിമിൽ.
 ആ പുഴയാണ്, ടൗണിൽ ചെല്ലുമ്പോൾ, കാഞ്ചനമാലയുടെ, ഇരുവഞ്ഞി പുഴയായി, രൂപാന്തരം, പ്രാപിക്കുന്നത്.
 വെള്ളത്തിനു, നല്ല ഐസിന്റെ, തണുപ്പ്. കൈകുമ്പിളിൽ, വെള്ളമെടുത്ത്, മുഖത്തേക്കങ്ങു, തളിക്കണം.ആഹാ.. അതാണുന്മേഷം.
 ഔഷധ വൃക്ഷങ്ങളുടെ ഇലകളിലും, വേരുകളിലും, മുത്തമിട്ടൊഴുകി, വരുന്ന,ആ ജലം, ഒരു കവിൾ, പാനം ചെയ്‌താൽ, അതാണ്, അമൃത്.
വെള്ളം വന്നു ചാടുന്ന, കുഴിയിൽ, സ്ഫടികം പോലെ തിളങ്ങുന്ന, ആ വെള്ളത്തിൽ ചാടി കുളിച്ചാൽ, അതാണ്‌ പള്ളിനീരാട്ട്….
അവിടെ നീരാടി, ഒരു ഫുഡ് ബ്രേക്കും, എടുത്തേ, ആരും, പിന്നീടുള്ള യാത്ര തുടരൂ….
 നമ്മുടെ യൂത്തന്മാർ,മല കയറുമ്പോൾ,  ഒരാഴ്ചത്തേക്കുള്ള, ഭക്ഷണസാമഗ്രികളും, അതിനിടയിൽ, ആരുമറിയാതെ, ഒളിപ്പിച്ച,നാടൻ റാക്കും, ചിലപ്പോൾ, വിദേശിയും, അവരുടെ കൂടെ കാട് കയറും. ക്ഷീണിക്കുന്നിടത്തു, വിശ്രമം. വിശക്കുമ്പോൾ ഭക്ഷണം. രാത്രിയിൽ, അരികിൽ തീ കത്തിച്ചു, മയക്കം (വന്യ മൃഗങ്ങളെയും തണുപ്പിനെയും അകറ്റാം).
 കോടമഞ്ഞും, തണുപ്പും, കുറ്റിച്ചെടികൾ, പോലുള്ള മരങ്ങളും,ഊട്ടി ഫ്ലവർ ഷോയെ വെല്ലുന്ന പൂക്കളും നിറഞ്ഞു നിൽക്കുന്ന വെള്ളരിമല, മനസ്സിൽ നിറക്കുന്ന, കുളിർമ പറഞ്ഞറിയിക്കാൻ, പ്രയാസം.
ദൂരം അധികമില്ലെങ്കിലും,
അവിടെത്തിപ്പെട്ടാൽ, വെള്ളരിമല, വേറൊരു ലോകമാണ്.
പ്രകൃതി സൗന്ദര്യത്തിന്,അവസാനവാക്ക്.
 യൂത്തന്മാരെ സംബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ, കാറ്റ് വീശുന്നയിടം.
 അതാവോളം, ആസ്വദിച്ചു, അതിന്റെ അടയാളമായി, ഒരു കൊടിയും, നാട്ടിയെ, അവർ തിരിച്ചിറങ്ങൂ.
അതിനിടയിൽ, ആഗ്രഹവും, ആകാംക്ഷയുമുള്ളവരൊക്കെ, നാടനും, വിദേശിയുമൊക്കെ, രുചിച്ചിട്ടുമുണ്ടാവും.
അങ്ങനെ രുചിച്ചവരുടേം, രുചിക്കാത്തവരുടേം, ലിസ്റ്റ്, ഒരിക്കലും, കാട് കടന്നു വെളിയിൽ പോവത്തുമില്ല, എന്നത് മറ്റൊരു സത്യം ..
 അങ്ങനെ നോക്കുമ്പോൾ, പതിനാറാം വയസ്സിൽ ലൈസൻസ് കിട്ടുന്ന ‘കരിമ്പ്’ ആണോ, പതിനെട്ടിൽ, കിട്ടുന്ന ഓസ്ട്രേലിയയാണോ, വികസനത്തിൽ മുന്നിൽ ?
നോട്ട്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം
കടപ്പാട് – സോഷ്യൽ മീഡിയ

Back to top button
error: