രണ്ടു മത്സരങ്ങളിലായി മൂന്നു പെനൽറ്റി കിക്കുകൾ തടുത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോയായി ഗോളി സച്ചിൻ സുരേഷ്.
തുടർച്ചയായ 2 മത്സരങ്ങളിൽ പെനൽറ്റി തടുത്തിട്ടു ടീമിനെ രക്ഷിച്ച ഇരുപത്തിരണ്ടുകാരൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ‘മാസ്റ്റർ ബ്ലാസ്റ്റർ’ ആണെന്ന് ഉറപ്പിക്കുന്നവരിൽ ആദ്യ കോച്ചായ പുരുഷോത്തമൻ മുതൽ ഇപ്പോഴത്തെ കോച്ചായ ഇവാൻ വുകമനോവിച്ച് വരെയുണ്ട്.
ഡിയേഗോ മൗറീഷ്യോയും ക്ലെയ്റ്റൻ സിൽവയും പോലുള്ള വമ്പൻമാരുടെ പെനൽറ്റി കിക്കുകൾ നേരിട്ടതിനെക്കുറിച്ചു ചോദിച്ചാൽ സച്ചിനും ഉറപ്പുള്ളൊരു മറുപടി തരും– ‘ആ നിമിഷം ടെൻഷനൊന്നും തോന്നിയില്ല. മനസ്സിൽ പറഞ്ഞു, സേവ് ചെയ്യാൻ പറ്റുമെന്ന്. എനിക്കും കോൺഫിഡൻസ് ഉണ്ടായിരുന്നു’. ആ മിന്നൽ സേവുകളുടെ ക്രെഡിറ്റ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിങ് കോച്ച് സ്ലാവൻ പ്രോഗോവെക്കിക്കാണു ശിഷ്യൻ സമർപ്പിക്കുന്നത്.
“എങ്ങനെയാണ് അവർ പെനൽറ്റി അടിക്കുക എന്നതൊക്കെ സ്ലാവൻ അനലൈസ് ചെയ്തിട്ടുണ്ടായിരുന്നു”. സച്ചിന്റെ കണ്ണുകളിൽ കുസൃതി ചിരി.
കോഴിക്കോട് ഫറോക്ക് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സച്ചിന്റെ ആദ്യകാല ഫുട്ബോൾ പാഠങ്ങൾ .കേരളത്തിലെ ഒരു പ്രാദേശിക അക്കാദമിയായ സ്‌പോർട്‌സ് ആൻഡ് എജ്യുക്കേഷൻ പ്രൊമോഷൻ ട്രസ്റ്റിൽ (SEPT) അദ്ദേഹം തന്റെ ഫുട്‌ബോൾ ജീവിതം ആരംഭിച്ചു. അവിടെ 2012-ൽ പതിനൊന്നാം വയസ്സിൽ ദുബായ് സൂപ്പർ കപ്പിൽ അവരെ പ്രതിനിധീകരിച്ചു.
തുടർന്ന് അണ്ടർ-10, അണ്ടർ-12, അണ്ടർ-14, അണ്ടർ-16 എന്നീ വിഭാഗങ്ങളിൽ തൃശൂർ ജില്ലാ ടീമിന് വേണ്ടി കളിച്ചു . അണ്ടർ 14, അണ്ടർ 16, അണ്ടർ 18 വിഭാഗങ്ങളിൽ കേരള ടീമിനെ പ്രതിനിധീകരിച്ചു. 2017-ൽ, എഫ്‌സി കേരളയുടെ അണ്ടർ -18 ടീമിനായി കളിക്കാൻ തിരഞ്ഞെടുത്തു.
ഒടുവിൽ 2019-ൽ ക്ലബ്ബിന്റെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടിയ സച്ചിൻ 2019-20 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ അവർക്കായി കളിച്ചു .2018-19 സന്തോഷ് ട്രോഫിയിൽ അദ്ദേഹം കേരള ഫുട്ബോൾ ടീമിനെ പ്രതിനിധീകരിച്ചു.
2020 ഓഗസ്റ്റിൽ സച്ചിനെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ റിസർവ് ടീമിൽ ഉൾപ്പെടുത്തി.നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി കളിക്കുന്ന സച്ചിൻ സുരേഷ് ഈ സീസണിൽ ക്ലബ്ബിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജനനം: 18 ജനുവരി 2001.തൃശൂർ സ്വദേശിയാണ്.