ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ജോലി ഒഴിവുകളില്‍ 4% ഭിന്നശേഷിക്കാര്‍ക്കു സംവരണം ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഇതില്‍ ഒരു ശതമാനം േകള്‍വി പരിമിതര്‍ക്കായി പ്രത്യേകം സംവരണം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മ, ജസ്റ്റിസ് സഞ്ജീവ് നരുല എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഭിന്നശേഷിക്കാരെ നിയമിക്കാനുള്ള നടപടികള്‍ 6 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്രീയ വിദ്യാലയ സംഘതന് (കെവിഎസ്) നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണ വ്യവസ്ഥകള്‍ ഏകീകൃതരീതിയില്‍ എല്ലാ വകുപ്പുകളിലും നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കണമെന്നു കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംവരണവ്യവസ്ഥകള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ടു കോടതി സ്വമേധയാ എടുത്ത കേസും മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജിയും തീര്‍പ്പാക്കിയാണ് ഉത്തരവ്. കേന്ദ്രീയ വിദ്യാലയങ്ങളിലെ അധ്യാപകഅനധ്യാപക ഒഴിവുകളിലേക്കുള്ള നിയമനത്തിനു കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അപേക്ഷ ക്ഷണിച്ചത്.
പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ചില പദവികളിലേക്കു കാഴ്ചപരിമിതരെ നിയമിക്കേണ്ടതില്ലെന്നു കെവിഎസിന്റെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. അധ്യാപകതസ്തികയില്‍ കേള്‍വി പരിമിതര്‍ക്കു സംവരണം ഏര്‍പ്പെടുത്തിയിരുന്നില്ല.