മലപ്പുറം: വെളിയങ്കോട് പാലപ്പെട്ടിയില്‍ സ്വകാര്യ ബസ് ജീവനക്കരെ മര്‍ദിച്ച പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു വെള്ളിയാഴ്ച പുതുപൊന്നാനി – ചാവക്കാട് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ പണി മുടക്കുന്നു. പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുന്നത് ബസ് ജീവനക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയതിനെച്ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കരും വ്യാഴാഴ്ച വൈകുന്നേരം പാലപ്പെട്ടി അമ്പലം സ്റ്റോപ്പിനുസമീപം വെച്ചു സംഘര്‍ഷമുണ്ടായിരുന്നു.
പൊന്നാനി – ചാവക്കാട് റൂട്ടിലെ മുബശ്ശിര്‍ ബസിലെ ജീവനക്കാരനാണ് പാലപ്പെട്ടി അമ്പലം സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ മൊബൈലിലില്‍ പകര്‍ത്തിയത്. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം ഒരുസംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്നു പാലപ്പെട്ടിയില്‍വെച്ച് ബസ് തടയുകയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്യുകയും ചെയ്തു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു.
മുബശ്ശിര്‍ ബസിലെ കണ്ടക്ടര്‍ അണ്ടത്തോട് തങ്ങള്‍പടി സ്വദേശി തലക്കാട്ട് മുകുന്ദന്‍ (45) പരിക്കേറ്റിരുന്നു. കണ്ടക്ടറെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചുവെന്നാരോപിച്ചു പുതുപൊന്നാനി – ചാവക്കാട് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച 4.45 -മുതല്‍ ആറു മണിവരെ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. ബസ് ജീവനക്കാരെ മര്‍ദിച്ചവരെ പിടികൂടണമെന്ന ആവശ്യവുമായി പണിമുടക്ക് പ്രഖ്യാപിച്ചതിനു പിന്നാലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ സംഭവത്തില്‍ ഇരുവിഭാഗത്തിനെതിരെയും കേസെടുക്കാനാണ് പോലീസ് നീക്കം.