കോട്ടയം: പാലാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ 17കാരനെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോട്ടയം എസ്പി കെ കാര്‍ത്തിക്. പൊലീസുകാര്‍ക്കെതിരായ വിദ്യാര്‍ഥിയുടെ പരാതി ഡിവൈഎസ്പി അന്വേഷിക്കുമെന്ന് കോട്ടയം എസ്പി അറിയിച്ചു. അന്വേഷിച്ച് ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ പൊലീസുകാര്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കോട്ടയം എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
നട്ടെല്ലിന് പരിക്കേറ്റ് പെരുമ്പാവൂര്‍ സ്വദേശിയായ പാര്‍ത്ഥിപന്‍ ചികിത്സയിലാണ്. പാല സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പാര്‍ത്ഥിപന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയിലെ പോളിടെക്‌നിക് വിദ്യാര്‍ഥിയാണ് പാര്‍ത്ഥിപന്‍.
”എന്റെ വണ്ടി ഫോളോ ചെയ്ത്, വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷം ഇറങ്ങാന്‍ പറഞ്ഞു. എന്റെ ദേഹവും ബൈക്കും ചെക്ക് ചെയ്തു. തുടര്‍ന്ന് സാധനം എടുക്കാന്‍ പറഞ്ഞു. സാറെ എന്റെ കൈയില്‍ ഒന്നും ഇല്ലെന്ന് പറഞ്ഞു. കൂട്ടുകാരനെ വിളിക്കാന്‍ വന്നതാണ് എന്നും പറഞ്ഞു. നിന്റെ കൈയില്‍ സാധനം ഉണ്ടല്ലോ, മുഖം കണ്ടാല്‍ അറിയാമല്ലോ എന്നും പറഞ്ഞു.
ഒന്നുമില്ല എന്ന് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ സത്യം പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മുടിയില്‍ പിടിച്ച് വലിച്ച് കുനിച്ച് നിര്‍ത്തി മുട്ടുകൈയ്ക്ക് ഇടിച്ചു. ആദ്യ ഇടിക്ക് തന്നെ നിലത്തുവീണ് കരഞ്ഞു. എന്റെ കൈയില്‍ സാധനം ഒന്നും ഇല്ലെന്ന് പറഞ്ഞ് കാലില്‍ പിടിച്ച് കരഞ്ഞു. പിന്നെയും മുടിയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് വീണ്ടും മര്‍ദ്ദിച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി”- പാര്‍ത്ഥിപന്‍ പറഞ്ഞു.
മകന്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെന്ന് അമ്മ നിഷ പറഞ്ഞു. ‘എനിക്ക് ഇത് കണ്ടുനില്‍ക്കാന്‍ വയ്യ. ഇതില്‍ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാവണം. നീതി കിട്ടണം’- നിഷ പറഞ്ഞു. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിനാണ് പിടികൂടിയതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പാലാ പൊലീസിന്റെ വിശദീകരണം.