ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസ നഗരത്തിൽ ഉടനീളം ഉഗ്രസ്ഫോടനങ്ങളാണ് ഉണ്ടായത്. ഗാസയിൽ ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോർട്ട്. കനത്ത വ്യോമാക്രമണത്തിൽ ഗാസയിലെ വാർത്താവിതരണ സംവിധാനങ്ങൾ തകർന്നു. ഇൻറർനെറ്റ് ബന്ധം ഇസ്രയേൽ വിച്ഛേദിച്ചുവെന്നാണ് ഹമാസ് പറയുന്നത്. മൊബൈൽ ഇൻറർനെറ്റ് സംവിധാനം പൂർണമായും തകർന്നുവെന്ന് ഗാസയിലെ മൊബൈൽ സർവീസ് കമ്പനി പറഞ്ഞു. ഗാസ നഗരത്തിൽ ഉടനീളമുണ്ടായ സ്ഫോടനത്തിൽ വാർത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇതിനിടെ, കര വഴിയുള്ള സൈനിക നീക്കം ഇന്നലെ രാത്രി മുതൽ ശക്തമാക്കാനാണ് ഇസ്രയേൽ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായാണ് ഗാസ നഗരത്തിൽ ഇതുവരെ കാണാത്ത കനത്ത വ്യോമാക്രണം ഇസ്രയേൽ നടത്തിയതെന്നാണ് റിപ്പോർട്ട്. ഇന്ധനവും ഭക്ഷണവും ഉൾപ്പെടെ വിലക്കപ്പെട്ടതിന് പിന്നാലെയാണിപ്പോൾ ഗാസയെ കടുത്ത പ്രതിസന്ധിയിലാക്കികൊണ്ട് മൊബൈൽ, ഇൻറർനെറ്റ് ബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തകർക്കും പരിക്കേറ്റവരെ ആശുപത്രിയിൽ ഉൾപ്പെടെ എത്തിക്കാനാകുന്നില്ല. ആശുപത്രികളിൽ ഉൾപ്പെടെ മൊബൈൽ, ഇൻറർനെറ്റ് ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടത് ചികിത്സ നൽകുന്നതിന് ഉൾപ്പെടെ തടസമുണ്ടാക്കുകയാണ്.
തുടർച്ചയായ രണ്ടാം ദിവസമാണ് ഗാസയ്ക്കുള്ളിൽ കടന്ന് ഇസ്രയേൽ യുദ്ധടാങ്കുകൾ ആക്രമണം നടത്തിയത്. ഇതിനിടെ, സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തി. അതേസമയം, സൈനിക നടപടിക്ക് ഇടവേള നൽകി ഗാസയിൽ സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരം കടന്നിരിക്കുകയാണ്. മധ്യഗാസയിലെ നിരവധി ഹമാസ് താവളങ്ങളിൽ യുദ്ധടാങ്കുകൾ കൊണ്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ അറിയിച്ചു. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു കര വഴിയുള്ള ശക്തമായ ആക്രമണം. ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ പിന്തുണയുള്ള ഷിയാ സായുധ സംഘങ്ങൾ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി സിറിയയിലെ ഇറാന്റെ രണ്ട് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു.