മുംബൈ: ബിയർ വിൽപന കൂട്ടാൻ ലക്ഷ്യമിട്ട് വില കുറയ്ക്കാനായി മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ നീക്കം. ഇതിനായി ബിയറിന് മേലുള്ള നികുതി കുറയ്ക്കുന്ന കാര്യം പഠിക്കാനായി മഹാരാഷ്ട്രാ സർക്കാർ പുതിയ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം ബിയറിന്റെ നികുതി കുറച്ച് പുതിയ വിലനിലവാരം നിലവിൽ വരുമെന്നാണ് സർക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് മദ്യ ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് വർധിപ്പിച്ചത് ഉൽപ്പന്നങ്ങളുടെ വില ഉയരാൻ കാരണമായിരുന്നു. ബിയറിന് അടക്കം ഇതേ തുടർന്ന് വില വർധിച്ചു. ഇതോടെ മദ്യപർക്ക് ബിയറിനോട് താത്പര്യം കുറഞ്ഞെന്ന് ബ്രൂവറീസ് അസോസിയേഷൻ സംസ്ഥാന സർക്കാരിന് പരാതി നൽകി. പിന്നാലെയാണ് മഹാരാഷ്ട്രാ സർക്കാർ സുപ്രധാന ഉത്തരവിറക്കിയത്. ബിയർ വില കുറയ്ക്കുന്നത് പഠിക്കാൻ പുതിയ സമിതിയെ നിയോഗിച്ചാണ് ബ്രൂവറീസ് അസോസിയേഷന്റെ പരാതി പരിഹരിക്കാനുള്ള നീക്കം.
സംസ്ഥാന എക്സൈസ് വകുപ്പിൻറെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ബിയർ വിലയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് പരിശോധിക്കുക. മറ്റ് സംസ്ഥാനങ്ങളിലെ നികുതി നിരക്കുകൾ പരിശോധിച്ച ശേഷം നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടത്. ബിയറിലെ സ്പിരിറ്റിൻറെ അളവ് റം, വിസ്കി, അടക്കമുള്ള മദ്യ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. അതിനാൽ മറ്റ് മദ്യ ഉൽപ്പന്നങ്ങൾക്ക് ഒപ്പമോ അതിന് മുകളിലോ ബിയറിന് നികുതി പരിധി പാടില്ലെന്ന പൊതു നയത്തിലേക്കാണ് സർക്കാർ എത്തുന്നത്. നികുതി നിരക്ക് വർധിപ്പിച്ചത് സംസ്ഥാനത്ത് മദ്യ വിൽപനയിലും സർക്കാരിന്റെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടാക്കിയതോടെയാണ് ഈ പുനർചിന്ത.