തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ മുന്നണികളെല്ലാം അനുയോജ്യനായ സ്ഥാനാര്‍ഥിയാരെന്ന അന്വേഷണത്തിലാണ്. മണ്ഡലവുമായുള്ള ബന്ധവും, വിജയ സാധ്യതയും പ്രവര്‍ത്തന പരിചയവും തുടങ്ങി വിവിധ മാനദണ്ഡങ്ങളിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസിന് ഇത്തവണ ഈ ജോലി വളരെ എളുപ്പമാണ്. ഭൂരിഭാഗം സീറ്റുകളിലും സിറ്റിങ്ങ് എംപിമാരെ തന്നെയാകും പാര്‍ട്ടി മത്സരിപ്പിക്കുക. മത്സരിക്കാനില്ലെന്ന് എംപിമാര്‍ നിലപാടെടുത്താല്‍ മാത്രമാകും പുതിയ സ്ഥാനാാര്‍ഥിയെ കണ്ടെത്തേണ്ടിവരിക. നിലവിലെ സാഹചര്യത്തില്‍ രണ്ട് മണ്ഡലങ്ങളാണ് ഇത്തരത്തില്‍ പാര്‍ട്ടിക്ക് മുന്നിലുള്ളത്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് താന്‍ പാര്‍ലമെന്റിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ കഴിഞ്ഞതവണ കോണ്‍ഗ്രസ് പരാജയപ്പെട്ട ഏക സീറ്റായ ആലപ്പുഴയിലേക്കും മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടതുണ്ട്. നേരത്തെ ചില എംപിമാര്‍ ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നെങ്കിലും പലരുടെയും മനസ് മാറിയിട്ടുണ്ട്. അതേസമയം, ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടില്‍ തന്നെയാണ് വടകര എംപി കെ മുരളീധരന്. ഇദ്ദേഹം മാറിനില്‍ക്കുകയാണെങ്കില്‍ ഈ സീറ്റിലേക്കും ഒരാളെ കണ്ടെത്തേണ്ടി വരും.
കണ്ണൂര്‍ സീറ്റ് നിലനിര്‍ത്താന്‍ തന്റെ വിശ്വസ്തനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ ജയന്തിനെ സുധാകരന് രംഗത്തിറക്കാനാണ് സാധ്യത. ദേശീയ നേതാവ് കെ.സി വേണുഗോപാല്‍ ഇത്തവണ കേരളത്തില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. മത്സരിക്കാന്‍ കെ.സി തയ്യാറായാല്‍ അത് ജന്മനാടായ കണ്ണൂരിലാകുമോ അതോ സ്വന്തം തട്ടകമായ ആലപ്പുഴയിലാകുമോയെന്നാണ് അറിയേണ്ടത്.
കഴിഞ്ഞതവണ നഷ്ടപ്പെട്ട ആലപ്പുഴ പിടിച്ചെടുക്കാന്‍ കെ.സി വേണുഗോപാല്‍ മത്സരിക്കണമെന്ന ആവശ്യം പ്രാദേശിക നേതൃത്വത്തിനുണ്ട്. എന്നാല്‍, രാജ്യസഭാംഗമായ ഇദ്ദേഹം തെരഞ്ഞെടുപ്പിനിറങ്ങുമോ എന്ന കാര്യത്തില്‍ മനസുതുറന്നിട്ടില്ല. വടകരയില്‍ മുരളി മാറിനില്‍ക്കുകയാണെങ്കില്‍ ശക്തനായ നേതാവിനെ തന്നെ പാര്‍ട്ടിയ്ക്ക് ഇവിടേക്കും കണ്ടെത്തേണ്ടിവരും. രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ ജനവിധി തേടാനാണ്് സാധ്യത.