തിരുവനന്തപുരം: കെഎസ്ആര്‍ടിസി വീണ്ടും പഴയ കാക്കി യൂണിഫോമിലേക്ക് മാറാനൊരുങ്ങുന്നു. രണ്ട് മാസത്തിനുള്ളില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമുള്ള കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. രണ്ട് ജോഡി വീതം യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ നീലഷര്‍ട്ടും പാന്റുമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും യൂണിഫോം. അതേസമയം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലുള്ള നീല യൂണിഫോം തന്നെ തുടരാനാണ് തീരുമാനം. ജീവനക്കാരുടെ യൂണിഫോം കാക്കിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തൊഴിലാളി യൂണിയന്‍ സംഘടനകളും അനുകൂലിച്ചിരുന്നു.
നാഷണല്‍ ടെക്‌സ്റ്റെല്‍ കോര്‍പ്പറേഷനില്‍ നിന്നാണ് യൂണിഫോമിനുള്ള തുണി എടുക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് കോടി രൂപയോളമാണ് യൂണിഫോമിന് ചെലവായി വരുന്നത്.