ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കലുഷിതമായിരിക്കെ, കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന്, മുതിര്‍ന്ന നേതാവ് ജയറാം രമേശ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചു. എക്കാലത്തും രാജ്യ താല്‍പര്യത്തിനായിരിക്കണം പ്രഥമ പരിഗണനയെന്നും ജയറാം രമേശ് കുറിച്ചു.
”ഭീകരതയ്‌ക്കെതിരായ നമ്മുടെ രാജ്യത്തിന്റെ പോരാട്ടത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രത്യേകിച്ചും, ഭീകരവാദം ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി സൃഷ്ടിക്കുമ്പോള്‍. എക്കാലവും നമ്മുടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്” ജയറാം രമേശ് കുറിച്ചു.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്‌ക്കെതിരെ, അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഇന്ത്യയിലെ മുതിര്‍ന്ന കാനഡ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിക്കൊണ്ടായിരുന്നു തിരിച്ചടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ്, കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.