മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തിൽ നായകനായെത്തിയത് ദുൽഖർ സൽമാൻ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഓണം റിലീസുകളിൽ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
കുറുപ്പിന് ശേഷമെത്തുന്ന ദുൽഖറിൻറെ മലയാളം തിയറ്റർ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയർത്തിയ ഘടകമായിരുന്നു. എന്നാൽ റിലീസ് ദിനത്തിൽ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. ബോധപൂർവ്വമായ ഡീഗ്രേഡിംഗ് ആണ് ചിത്രത്തിന് നേരെ ഉണ്ടാവുന്നതെന്ന് അണിയറക്കാർ ആരോപണം ഉയർത്തിയിരുന്നു. അതേസമയം ചിത്രത്തിൻറെ ഒടിടി റിലീസ് സെപ്റ്റംബർ 22ന് നടക്കുമെന്ന് ഇന്ത്യ ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരിക്കുമെന്നും ഇന്ത്യ ടൈംസിൻറെ റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.
നെഗറ്റീവ് പബ്ലിസിറ്റി നേടിയെങ്കിലും മികച്ച ഇനിഷ്യൽ കളക്ഷൻ നേടിയിരുന്നു ചിത്രം. ആദ്യ വാരം ചിത്രം കേരളത്തിൽ നിന്ന് നേടിയത് 14.5 കോടിയിലേറെയാണെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ആദ്യവാര കളക്ഷൻ 7 കോടിക്ക് മുകളിലായിരുന്നു. വിദേശ മാർക്കറ്റുകളിൽ നിന്ന് മറ്റൊരു 15 കോടിയും. അങ്ങനെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 36 കോടിയിലേറെ ഗ്രോസ് ആണ് ആദ്യ വാരം കിംഗ് ഓഫ് കൊത്ത നേടിയിരുന്നത്. ബിഗ് ബജറ്റിൽ, വലിയ കാൻവാസിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.