KeralaNEWS

പ്രസംഗത്തിനിടെ ബഹളംവെച്ചയാളെ അന്വേഷിച്ച് മുഖ്യമന്ത്രി

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മീനടം മാളികപ്പടിയില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ തന്റെ പ്രസംഗത്തിനിടെ ബഹളംവെച്ചയാളെ തിരഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രസംഗം കഴിഞ്ഞ് സ്റ്റേജില്‍നിന്ന് റാമ്പിലേക്കിറങ്ങിയ മുഖ്യമന്ത്രി, വേദിയുടെ മുമ്പില്‍ നിന്നിരുന്ന ഫോട്ടോഗ്രാഫറെ സമീപത്തേക്ക് വിളിച്ചുവരുത്തി. ‘താങ്കളുടെ കൂടെയുള്ളയാളാണോ ബഹളംവെച്ചത്’ എന്ന് ചോദിച്ചു. ഫോട്ടോഗ്രാഫര്‍ മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രി ചോദ്യം ആവര്‍ത്തിച്ചു. ‘എനിക്ക് അറിയില്ല, കൂടെയുള്ളയാളല്ല’ എന്ന് ഫോട്ടോഗ്രാഫര്‍ മറുപടി നല്‍കി. ഇതോടെ ചിരിച്ചുകൊണ്ട്, പിണറായി വിജയനും മന്ത്രി വാസവനും മണര്‍കാട്ടെ വേദിയിലേക്ക് പോയി.

Signature-ad

അതേസമയം, വര്‍ഗീയതയെ ദുര്‍ബലപ്പെടുത്തുന്നതുപോലെ അതിനോട് സമരസപ്പെടുന്നവരെയും പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ വിജയത്തിനായി മണര്‍കാട് ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുകായയിരുന്നു അദ്ദേഹം.

മതനിരപേക്ഷത എല്ലാ ഓജസോടെയും നിലനില്‍ക്കേണ്ട കാലമാണിത്. വര്‍ഗീയതയോട് സമരസപ്പെടുന്നവര്‍ക്ക് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല. കിടങ്ങൂരില്‍ ബിജെപി -യുഡിഎഫ് സഖ്യം ആദ്യത്തേതും ഒറ്റപ്പെട്ടതുമല്ല. ഇനിയും ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്നവരാണ് അണിയറയില്‍. ഏറ്റുമാനൂരിലും കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച് ഒരുനിലപാട് സ്വീകരിച്ചു. വര്‍ഗീയതയോട് സമരസപ്പെടുന്നതിനാലാണ് ഈ രാഷ്ട്രീയധാരണ. കുറെക്കാലമായി അതുണ്ട്. മണിശങ്കര്‍ അയ്യരെപ്പോലെ നേതാക്കള്‍ അതുപച്ചയായി പറയുന്നു.

കേരളത്തില്‍ വിവിധ തലങ്ങളില്‍ അവസരവാദ കൂട്ടുകെട്ടിന് രണ്ടുകൂട്ടരും തയ്യാറാകുന്നു. നേരിയ സൂചനയോടെയെങ്കിലും കേന്ദ്ര അവഗണനെയെ യുഡിഎഫ് എതിര്‍ത്തില്ല. അര്‍ഹമായ ധനവിഹിതം നിഷേധിക്കുന്നതിനെതിരെ ധനമന്ത്രിക്ക് നല്‍കാന്‍ തയ്യാറാക്കിയ നിവേദനം ഒപ്പിടാന്‍ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല.

പലകാര്യത്തിലും ഒന്നിച്ചുപോകുന്നതിനാല്‍ കേന്ദ്രത്തെ നേരിയതോതില്‍ പോലും വിമര്‍ശിക്കാന്‍ തയ്യാറല്ല. ഇല്ലാത്ത കാര്യംപറഞ്ഞ് ഇവിടെ സംസ്ഥാന സര്‍ക്കാരിനെ വലിയ തോതില്‍ വിമര്‍ശിക്കുന്നവര്‍ ഉള്ളകാര്യം പറഞ്ഞ് കേന്ദ്രത്തെ അല്‍പംപോലും വിമര്‍ശിക്കുന്നില്ല. താല്‍ക്കാലിക ലാഭത്തിന് അവസരവാദ നിലപാടെടുക്കയാണ് കോണ്‍ഗ്രസ്. അതിന്റെ പേരില്‍ വലിയ നാശമുണ്ടാക്കിയിട്ടും ഒരുപാഠവും പഠിക്കാന്‍ മനസില്ല -മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: