മസ്കറ്റ്: ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ഇന്ത്യക്ക് അഭിനന്ദനവുമായി ഒമാന്‍. ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ ഇന്ത്യയെ അഭിനന്ദിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഇന്ത്യയുടെ ബഹിരാകാശ യാത്രയില്‍ ഇതൊരു നാഴികക്കല്ലാണെന്നും പുതിയ കണ്ടുപിടിത്തങ്ങളും ശാസ്ത്രീയ മുന്നേറ്റങ്ങളും പ്രതീക്ഷിക്കുന്നതായും മന്ത്രി ബദ്ര്‍ അല്‍ ബുസൈദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയതില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചത്. ‘ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതില്‍ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്, ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുന്നു’- അദ്ദേഹം കുറിച്ചു. ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമായതോടെ ഇന്ത്യയെ അഭിനന്ദനങ്ങളില്‍ പൊതിഞ്ഞു ആഗോള ബഹിരാകാശ ഏജന്‍സികള്‍. നാസ, യൂറോപ്യന്‍, യുകെ സ്‌പേസ് ഏജന്‍സികള്‍ അടക്കമുള്ളവരാണ് ഇന്ത്യയെ അഭിനന്ദിച്ചത്. റഷ്യ, അമേരിക്ക, യുഎഇ, സൗത്ത് ആഫ്രിക്ക, നേപ്പാള്‍, മാലി ദ്വീപ് അടക്കം നിരവധി രാജ്യങ്ങളും ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദനം അറിയിച്ചു.
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ വിജയം ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമാണെന്ന് മസ്കറ്റ് കെഎംസിസി പ്രസിഡന്‍റ് അഹമ്മദ് റഈസ് പറഞ്ഞു. ഓരോ ഭാരതീയനും ഹൃദയം കൊണ്ട് ചന്ദ്രനെ സ്പർശിച്ച അനുഭൂതിയാണ്, ചന്ദ്രന്റെ ദക്ഷിണ ധ്രുവം തൊടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യവും .ഈ ഐതിഹാസിക നിമിഷം രാജ്യത്തിന് സമ്മാനിച്ച ശാസ്ത്രജ്ഞരെ മസ്കറ്റ് കെഎംസിസി അഭിനന്ദിക്കുന്നതായും അദ്ദേഹം പ്രസ്തവനയില്‍ പറഞ്ഞു.