KeralaNEWS

ചേര്‍ത്തലയില്‍ ഓട്ടത്തിനിടെ കാറിനു തീപിടിച്ചു; ഓടിച്ചിരുന്ന സ്ത്രീ കഷ്ടിച്ച് രക്ഷപ്പെട്ടു

ആലപ്പുഴ: ഓട്ടത്തിനിടെ കാറിനു തീപിടിച്ചു. ഉടന്‍ നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍, ഓടിച്ചിരുന്ന സ്ത്രീ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കണിച്ചുകുളങ്ങര ചെത്തി റോഡില്‍ പടവൂര്‍ ജംക്ഷനു സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. പട്ടണക്കാട് ഹരിശ്രീ ഭവനില്‍ ഇന്ദിര വിഘ്‌നേശ്വരന്റെ കാറാണ് കത്തിനശിച്ചത്.

കാര്‍ ഓടിച്ചിരുന്ന ഇന്ദിര (64) പൊക്ലാശേരിയിലെ കുടുംബ വീട്ടില്‍ വന്നു മടങ്ങുമ്പോള്‍ കാറിന്റെ മുന്‍ഭാഗത്ത് പുക ഉയരുകയായിരുന്നു. ഉടന്‍ കാര്‍ നിര്‍ത്തി ഇന്ദിര പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിപ്പടര്‍ന്ന് കാര്‍ പൂര്‍ണമായി കത്തിനശിച്ചു. സമീപവാസികളും റോഡിലുണ്ടായിരുന്നവരും ഓടിയെത്തി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. 10 വര്‍ഷം പഴക്കമുള്ളതാണ് കാര്‍.

Signature-ad

ചേര്‍ത്തലയില്‍നിന്ന് അഗ്‌നിരക്ഷാ സേനയും മാരാരിക്കുളത്തുനിന്ന് പോലീസും സ്ഥലത്തെത്തി. കാര്‍ ഇന്നു വിശദമായി പരിശോധിച്ചതിനു ശേഷമേ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരം മലയിന്‍കീഴ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഓടിച്ചിരുന്ന കാറിനു തീപിടിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനീഷ് ഓടിച്ചിരുന്ന കാറാണ് മലയിന്‍കീഴ് ഇരട്ടക്കലുങ്കിനു സമീപം തീപിടിച്ചത്.

സുഹൃത്തിന്റെ കാറുമായി കാട്ടാക്കടയില്‍നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു അനീഷ്. ബാറ്ററിയുടെ ഭാഗത്തുനിന്നു പുക ഉയരുന്നതുകണ്ട് കാര്‍ നിര്‍ത്തി പുറത്തിറങ്ങി. കൈയിലുണ്ടായിരുന്ന കുപ്പി വെള്ളംകൊണ്ടു തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ഇതോടെ അപകടം ഒഴിവായി. വാഹനത്തിന്റെ മുന്‍ഭാഗം ഭാഗികമായി കത്തി.

 

Back to top button
error: