കോട്ടയം: വാകത്താനത്ത് കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. വാകത്താനം പാണ്ടന്‍ചിറ ഓട്ടുകുന്നേല്‍ ഒ.ജി. സാബു(57) ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10-ന് ഇവരുടെ വീടിനുമുന്പിലെ വഴിയിലായിരുന്നു ദാരുണ സംഭവം. സാബു രാവിലെ വാകത്താനത്തിനെന്ന് അറിയിച്ച് പുറത്ത് പോകുകയായിരുന്നു. അല്‍പ്പസമയത്തിനകം ഇദ്ദേഹം മടങ്ങിവരുന്നതാണ് പരിസരവാസികള്‍ കണ്ടത്. വീടിന് അല്‍പ്പം മുമ്പ് കാര്‍ നിന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതിനിടെ വലിയ സ്ഫോടനശബ്ദത്തോടെ കാര്‍ കത്തുകയായിരുന്നു.
സമീപത്തൊരു വീടിന്റെ പണിയിലേര്‍പ്പെട്ടിരുന്നവര്‍ ഓടിയെത്തുമ്പോഴേക്കും തീ ആളിപ്പടര്‍ന്നു. ഡ്രൈവര്‍ ഡോറിന് സമീപം മാത്രമാണ് താരതമ്യേന തീ കുറവുണ്ടായിരുന്നത്. ഡോര്‍ ഗ്ലാസിന്റെ ഭാഗത്തേക്ക് ഇരുകൈകളുമിട്ട് അബോധാവസ്ഥയിലായിരുന്നു സാബു. പണിക്കാരും സമീപവാസികളും ചേര്‍ന്ന് ഒരുവിധം പുറത്തേക്കെത്തിച്ചു. ബഹളംകേട്ട് വീട്ടില്നിന്നോടിയെത്തിയ ഭാര്യ ഷൈനിക്കും സാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു.
മകന് മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥി അക്ഷയ്, മകള്‍ അക്ഷര എന്നിവരും പരിസരവാസിയും ചേര്‍ന്ന് സാബുവിനെ അടുത്തവീട്ടിലെ കാറില്‍ ചെത്തിപ്പുഴയിലെ ആശുപത്രിയിലും അവിടെനിന്ന് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചു. നാട്ടുകാരും ചങ്ങനാശ്ശേരിയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും തീ കെടുത്തി.
കാഞ്ഞിരപ്പള്ളി ചോറ്റിയില്നിന്ന് ഒരുവര്‍ഷം മുന്‍പാണ് സാബു വാകത്താനത്ത് താമസമാക്കിയത്. പറമ്പുകളില്‍ യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടിക്കുന്ന ജോലി ഏറ്റെടുത്ത് ചെയ്യുകയാണ് സാബു. പഴക്കമുള്ളതാണ് വണ്ടിയെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നും കരുതുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ യഥാര്‍ഥ കാരണം വ്യക്തമാകൂ.