കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മണര്‍കാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും അപേക്ഷ നല്‍കിയെന്നും അയര്‍ക്കുന്നം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു.
”സെപ്റ്റംബര്‍ ഒന്നു മുതല്‍ 8 വരെ കേരളത്തിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും വിശ്വാസികള്‍ മണര്‍കാട് പള്ളിയിലേക്ക് എത്താറുണ്ട്. ഈ എട്ടു ദിവസവും മണര്‍കാട് തിരക്കില്‍ ആയിരിക്കും. ആളുകളെക്കൊണ്ട് പട്ടണം നിറയുന്നതോടെ വലിയ ഗതാഗതക്കുരുക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. 4 പോളിങ് സ്റ്റേഷനുകള്‍ മണര്‍കാട് പള്ളിക്ക് സമീപമുള്ള സ്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക ശ്രമകരമായ ദൗത്യം ആകും. അതുകൊണ്ടാണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും അപേക്ഷ നല്‍കിയത്” -കെ.കെ.രാജു പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ എട്ടിനാണു വോട്ടെണ്ണല്‍.