തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാരെ കെപിഎസ്ടിഎ ആദരിച്ചു. ഡ്രൈവർമാരായ സി വി ബാബു, ബി. ഷാം എന്നിവരെയാണ് ആദരിച്ചത്. കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ഉമ്മൻചാണ്ടിയുടെ ചിത്രവും മൊമന്റോയും നൽകിയാണ് ആദരിച്ചത്. ജനസാഗരത്തിലൂടെ വാഹനം തുഴഞ്ഞു നീക്കിയ സാഹസികരാണ് ഡ്രൈവർമാരെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
രണ്ടു ദിവസത്തെ യാത്രയിൽ ഒരാൾക്ക് പോലും വാഹനം തട്ടി പരുക്കേൽക്കാത്തത് ഡ്രൈവർമാരുടെ അത്ഭുതകരമായ സൂക്ഷ്മതയാണെന്നും അദ്ദേഹം പ്രശംസിച്ചു. ചരിത്രത്തിലെ സാഹസിക ഡ്രൈവർമാർ എന്നായിരിക്കും ഇവരെ രേഖപ്പെടുത്തുകയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. അധ്യാപക സംഘടനയായ കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു ചടങ്ങ്. സി വി ബാബു തിരുവനന്തപുരം കാരയ്ക്കമൂട് സ്വദേശിയാണ്. ഷാം എറണാകുളം പുത്തൻകുരിശ് സ്വദേശിയാണ്.
തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ 36 മണിക്കൂർ എടുത്താണ് വിലാപയാത്ര പൂർത്തിയാക്കിയത്. ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ്, പി ഹരിഗോവിന്ദൻ, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ എം ജാഫർഖാൻ, സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റ് എം എസ് ഇർഷാദ്, കെഎസ്ടി. സംസ്ഥാന സെക്രട്ടറി എ നജീബ്, എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്എസ് അനോജ്, കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രാജ്മോഹൻ, സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, കെഎസ്ടിയു. ജില്ലാ സെക്രട്ടറി കെ. പ്രകാശ്, കെപിഎസ്ടിഎ ജില്ലാ സെക്രട്ടറി സി ആർ ആത്മകുമാർ, ജില്ലാ ട്രഷറർ ബിജു ജോബോയി എന്നിവർ സംസാരിച്ചു.