വേദനിക്കുന്നൊരു കോടീശ്വരി! സ്വന്തമായി ആഡംബര വാഹനങ്ങൾ, പ്രൈവറ്റ് ജെറ്റുകൾ; പക്ഷേ…
ആഡംബര വാഹനങ്ങളും വീടുകളും സുഖസൗകര്യങ്ങളും ഒക്കെ നിറഞ്ഞ ജീവിതമാണ് തന്റേതെങ്കിലും താൻ സംതൃപ്ത അല്ലെന്ന് അമേരിക്കൻ യുവ സംരംഭക. യുഎസ് ആസ്ഥാനമായുള്ള സംരംഭകയായ ജെസീക്ക മാഹ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. സാമ്പത്തിക മാനേജ്മെന്റിൽ ചെറുകിട ബിസിനസുകളെ സഹായിക്കുന്ന ഒരു ഫിൻടെക് കമ്പനിയുടെ സ്ഥാപകയാണ് ഇവർ. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി ഒരു ബിസിനസ് എന്ന ആഗ്രഹത്തിൽ നിന്നും കാലക്രമേണ അവർ കെട്ടിപ്പടുത്തതാണ് തൻറെ ബിസിനസ് സാമ്രാജ്യം. ഇന്ന് ലോകമെമ്പാടുമുള്ള സംരംഭകർക്ക് ഇവർ ഒരു പ്രചോദനവും മാതൃകയും ഒക്കെയാണ്. എന്നാൽ, ആഡംബര വാഹനങ്ങളും പ്രൈവറ്റ് ജെറ്റുകളും അടങ്ങുന്ന സുഖസൗകര്യങ്ങളും ആഡംബരപൂർവമായ ജീവിതവും ഒക്കെ തനിക്ക് ഉണ്ടെങ്കിലും താൻ സന്തുഷ്ട അല്ല എന്ന് വെളിപ്പെടുത്തിരിക്കുകയാണ് ഇപ്പോൾ ജസീക്ക. താൻ സെലിബ്രിറ്റികളെ ഡേറ്റ് ചെയ്യാറുണ്ട് എന്നും അവൾ വെളിപ്പെടുത്തിയിരുന്നു.
പുറമേ നിന്നു നോക്കുമ്പോൾ മറ്റുള്ളവർക്ക് അസൂയ തോന്നിപ്പിക്കുന്ന ജീവിതമാണ് തന്റേതെങ്കിലും താൻ ആഴ്ചയിൽ 60 മണിക്കൂറോളം കഠിനമായി ജോലി ചെയ്യാറുണ്ടെന്നും ഇവർ പറയുന്നു. തന്റെ നേട്ടങ്ങൾ ഒന്നും നഷ്ടപ്പെടാതിരിക്കാൻ ഉള്ള പോരാട്ടത്തിലാണ് താനെന്നും ജസീക്ക വെളിപ്പെടുത്തുന്നു. ആ പോരാട്ടത്തിനിടയിൽ തന്നെക്കാൾ വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയവരുമായി താൻ സ്വയം താരതമ്യം ചെയ്യാറുണ്ടെന്നും അത് പലപ്പോഴും തന്നെ അസ്വസ്ഥയാക്കുമെന്നും അവർ പറയുന്നു. കൂടാതെ മറ്റുള്ളവരുമായുള്ള താരതമ്യം എപ്പോഴും ഒരാളുടെ സന്തോഷത്തെ കവർന്നെടുക്കുമെന്നും അവർ വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുന്നത് നിർത്തണമെന്ന് ജെസീക്ക മാഹ് തന്റെ ഫോളോവേഴ്സിനെ ഓർമ്മിപ്പിച്ചു. കാരണം അത് സന്തോഷത്തിലേക്ക് നയിക്കില്ലെന്നും ആരും തങ്ങളുടെ അരക്ഷിതാവസ്ഥയും സ്വകാര്യ വെല്ലുവിളികളും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു.
ജസീക്കയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. വ്യക്തിപരമായ കാര്യങ്ങൾ പോലും തുറന്നു പറയാൻ മനസ് കാണിച്ച ജസീക്കയെ ഒരു വിഭാഗം സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ അഭിനന്ദിച്ചപ്പോൾ ശ്രദ്ധ നേടാൻ വേണ്ടി നടത്തുന്ന പ്രഹസനങ്ങൾ മാത്രമാണ് ഇതെന്നായിരുന്നു മറ്റൊരു വിഭാഗം സോഷ്യൽ മീഡിയാ ഉപഭോക്താക്കളുടെ അഭിപ്രായം.