CrimeNEWS

ബി.ജെ.പി. നേതാവിന്റെ അശ്ലീല വീഡിയോ വിവാദം: അന്വേഷണം പ്രഖ്യാപിച്ച് ഫഡ്നാവിസ്

മുംബൈ: ബി.ജെ.പി. നേതാവും മുന്‍ ലോക്‌സഭാംഗവുമായ കിരിത് സോമയ്യയുടേതായി പ്രചരിച്ച അശ്ലീലവീഡിയോ വിവാദമായതിനു പിന്നാലെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈ ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. അതിനിടെ വീഡിയോയുടെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് സോമയ്യ ഫഡ്നാവിസിന് കത്തയച്ചു.

അശ്ലീല വീഡിയോ സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളംവെച്ചതിനെത്തുടര്‍ന്നാണ് ഫഡ്‌നവിസ് അന്വേഷണം പ്രഖ്യാപിച്ചത്. ഒരു മറാത്തി വാര്‍ത്താചാനല്‍ പുറത്തുവിട്ട വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കിരിട് സോമയ്യയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ബി.ജെ.പി. തയ്യാറാകണമെന്ന് ശിവസേന(ഉദ്ധവ്) വിഭാഗവും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ബി.ജെ.പി. മഹാരാഷ്ട്ര ഉപാധ്യക്ഷന്‍കൂടിയായ കിരിത് സോമയ്യ രണ്ടുതവണ ലോക്‌സഭാംഗമായിരുന്നു.

Signature-ad

പ്രതിപക്ഷനേതാക്കള്‍ക്കെതിരേ, പ്രത്യേകിച്ച് ശിവസേനാ നേതാക്കള്‍ക്കെതിരേ ആരോപണവുമായി സോമയ്യ രംഗത്തുവന്നതിനുപിന്നാലെ പലര്‍ക്കെതിരേയും ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു. സോമയ്യയുടെ അശ്ലീലവീഡിയോ ചോര്‍ന്നതിനുപിന്നാലെ, ‘ഇനിയും വരാനുണ്ട് കാത്തിരുന്ന് കാണാം’ എന്ന മുന്നറിയിപ്പുമായി ഉദ്ധവ്വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തി. വീഡിയോ രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമാണെന്ന് സോമയ്യ ആരോപിച്ചു.

അതിനിടെ, സോമയ്യയ്ക്കുള്ള സി.ഐ.എസ്.എഫ്. സുരക്ഷ പിന്‍വലിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. സുരക്ഷയുടെ മറവില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്താനും ചൂഷണം ചെയ്യാനും ശ്രമിക്കുന്നു. കേന്ദ്ര ഏജന്‍സികളില്‍ ജോലിചെയ്യുന്ന സ്ത്രീകളെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

 

Back to top button
error: