Breaking NewsIndiaLead NewsNEWSNewsthen Specialpolitics

മുസ്ലിം വനിതകള്‍ക്ക് തുല്യ അവകാശം; ഏക സിവില്‍ കോഡാണ് ഉത്തരമെന്ന് സുപ്രീം കോടതി; ശരിയത്ത് റദ്ദാക്കി സിവില്‍ കോഡ് നടപ്പാക്കുന്നത് പാര്‍ലമെന്റ് പരിഗണിക്കുന്നത് ഉത്തമമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: മുസ്ലിം വനിതകള്‍ക്ക് തുല്യ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഏക സിവില്‍കോഡാണ് ശരിയായ ഉത്തരമെന്ന് സുപ്രിംകോടതി. വിവേചനം അവസാനിപ്പിക്കാന്‍ 1937ലെ മുസ്ലിം വ്യക്തിനിയമം (ശരീഅത്ത്) റദ്ദാക്കുന്നതിന് പകരം ഏക സിവില്‍കോഡ് നടപ്പാക്കണോയെന്നത് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിടുന്നതല്ലേ ഉചിതമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗബെഞ്ച് ചോദിച്ചു.

മുസ്ലിം വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ ‘കൃത്രിമ വിവേചനത്തിന്’ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജിയാണ് പരിഗണിച്ചത്. ശരീഅത്ത് റദ്ദാക്കിയാല്‍ പിന്നെ ഏത് നിയമം അനുസരിച്ച് മുസ്ലിം പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഹര്‍ജിക്കാരായ പൗലോമി പവനി ശുക്ലയുടെയും ന്യായനാരീ ഫൗണ്ടേഷന്റെയും അഭിഭാഷകനായ അഡ്വ. പ്രശാന്ത് ഭൂഷണോട് ആരാഞ്ഞു.

Signature-ad

ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തിന്റെ അടിസ്ഥാനത്തിലെന്ന് പ്രശാന്ത്ഭൂഷണ്‍ പ്രതികരിച്ചു. സിറിയന്‍ ക്രിസ്ത്യന്‍ വനിതകളുടെ കാര്യത്തില്‍ വിവേചനപരമായ വ്യവസ്ഥകളുള്ള ‘തിരുവിതാംകൂര്‍ പിന്തുടര്‍ച്ചവകാശ നിയമം’ അസാധുവാക്കിയ ‘മേരിറോയ് സ്റ്റേറ്റ് ഓഫ് കേരള’ കേസിലെ വിധിയും ശ്രദ്ധയില്‍പ്പെടുത്തി.

എന്നാല്‍, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം മുസ്ലീംസ്ത്രീകളുടെ കാര്യത്തില്‍ ബാധകമാക്കാന്‍ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് സംശയം ഉന്നയിച്ചു. പരിഷ്‌കരണത്തിന്റെ പേരില്‍ എന്തെങ്കിലും ചെയ്താല്‍ മുസ്ലിം വനിതകള്‍ക്ക് ഇപ്പോഴുള്ള ആനുകൂല്യങ്ങള്‍പോലും ഇല്ലാതായേക്കുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ഭരണഘടനയുടെ നിര്‍ദേശകതത്ത്വങ്ങളുടെ ഭാഗമായ ഏക സിവില്‍കോഡ് നടപ്പാക്കണോയെന്നത് പാര്‍ലമെന്റിന്റെ വിവേചനാധികാരത്തിന് വിടുന്നതാണ് ഉചിതമെന്ന ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയുടെ നിലപാടിനെ ചീഫ് ജസ്റ്റിസും പിന്തുണച്ചു.

#SupremeCourt, #UniformCivilCode, #UCC, #MuslimWomensRights, #ChiefJustice, #NewDelhi, #LegalNews, #Equality, #ShariatLaw, #IndianParliament, #PrashantBhushan, #MalayalamNews, #KeralaPolitics, #BreakingNews, #SocialReform

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: