കോട്ടയം: ഏക സിവില്‍ കോഡ് സര്‍ക്കാരിന്റെ അടിയന്തര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി ഉള്‍പ്പെടെ നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടും രാഷ്ട്രീയപ്രീണനം മൂലം ഏക വ്യക്തിനിയമം നടപ്പാക്കാന്‍ സാധിച്ചില്ലെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയത്. നിയമം ഉടന്‍ നടപ്പാക്കാന്‍ പോകുന്നെന്നോ എപ്പോള്‍ നടപ്പാക്കുമെന്നോ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. കാര്യമറിയാതെയുള്ള കോലാഹലങ്ങളാണ് എങ്ങും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അവസരം നല്‍കിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുര്‍ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് തുടര്‍ച്ചയായി ഇതു രണ്ടാം തവണയാണ് രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തുന്നത്.