തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. 50 മണിക്കൂറിലേറെ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്. ശനിയാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. എന്‍.ഡി.ആര്.എഫ് സംഘം, അന്‍പതിലധികം അഗ്നിരക്ഷാസേനാംഗങ്ങള്‍, 25-ലധികം പോലീസുകാര്‍, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കിണര്‍നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള 25-തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ രണ്ടുദിവസമായി രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. ഡെപ്യൂട്ടി കലക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
മണ്ണിടിച്ചിലും നീരൊഴുക്കും പ്രതിരോധിക്കാന്‍ എത്തിച്ച ലോഹനിര്‍മിത വളയങ്ങളില്‍ ഒരെണ്ണം ഇറക്കിയെങ്കിലും അതിനടിയിലൂടെ വീണ്ടും മണ്ണിടിച്ചിലും നീരൊഴുക്കും ഉണ്ടായതോടെ സംഘാംഗങ്ങള്‍ തിരികെക്കയറി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയ വിദഗ്ധനും അഗ്നിരക്ഷാ സേനയുടെ ടാസ്ക് ഫോഴ്സും കിണറ്റിലിറങ്ങി പരിശോധിച്ചു. ഏതാനും അടി പിന്നിട്ടാല്‍ മഹാരാജന്റെ അടുക്കലെത്താമെന്നു കണ്ടെത്തിയെങ്കിലും വീണ്ടും മണ്ണിടിയാമെന്നതിനാല്‍ തിരികെ കയറി. വൈകിട്ട്, കിണറിന്റെ അടിത്തട്ടിലെ പമ്പുമായി ബന്ധിച്ച കയര്‍ കണ്ടെത്തി.
കയര്‍ മുകളിലേക്ക് വലിച്ചുകയറ്റിയാല്‍ ഒപ്പം മഹാരാജനെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ ഉദിച്ചതോടെ ചെയിന്‍പുള്ളി എന്ന ഉപകരണവും കപ്പിയും കയറുകളും ഉപയോഗിച്ചു നൂറുകണക്കിനു പേര് കരയില്‍ നിന്നു വലിച്ച് മണ്ണിനടിയില്‍ കിടക്കുന്ന പമ്പ് ഇളക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് വിദഗ്ധ സംഘത്തെ എത്തിക്കാന്‍ തീരുമാനമായത്.
മണ്ണു നീക്കം ചെയ്ത് 80 അടിയോളം താഴ്ച വരെ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ മഹാരാജന്റെ ഒരു കൈ കണ്ടെന്ന് അറിയിച്ചത് പ്രതീക്ഷയ്ക്കു വക നല്‍കിയെങ്കിലും പിന്നാലെയുണ്ടായ മണ്ണിടിച്ചിലും നീരൊഴുക്കും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ശനിയാഴ്ച രാവിലെ മുക്കോല പീച്ചോട്ടുകോണം റോഡിനു സമീപത്തെ വീട്ടില്‍ 90 അടി ആഴമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് വെങ്ങാനൂര്‍ നെല്ലിയറത്തലയില്‍ താമസിക്കുന്ന തമിഴ്നാട് പാര്‍വതിപുരം സ്വദേശി മഹാരാജനു (55) മേല്‍ മണ്ണിടിഞ്ഞു വീണത്.