കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമാണ് കാസർഗോഡ് ജില്ലയിലെ ആയംകടവ് പാലം.
ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കൊണ്ട് നിർമ്മാണം ദുഷ്കരം എന്ന് കരുതിയിരുന്ന സ്ഥിതിയിൽ നിന്നാണ് കേരളത്തിൻ്റെ എൻജിനീയറിംഗ് വൈഭവമായി ഈ പാലം തല ഉയർത്തി നിൽക്കുന്നത്.
ഉയരത്തിലും പ്രകൃതിഭംഗിയിലും മനോഹരമായ ആയംകടവ് പാലം കാസർകോട് ജില്ലയുടെ സ്വപ്നപദ്ധതികൂടിയാണ്. ഉദുമ മണ്ഡലത്തിലെ പുല്ലൂർ– പെരിയ പഞ്ചായത്തിനെയും ബേഡടുക്ക പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ആയംകടവ് പാലം.
14 കോടി രൂപ ചെലവഴിച്ച് പെർളടക്കത്തിലെ വാവടുക്കം പുഴക്ക് കുറുകെ 24 മീറ്റർ ഉയരത്തിൽ നാല് തൂണുകളിലായി 25.32 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.11.5 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലുമായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്.
ബേഡടുക്ക പഞ്ചായത്തിൽ നിന്ന് കുണ്ടംകുഴി, ബേഡടുക്ക, പെർളടക്കം, കൊളത്തൂർ, കരിച്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പാലം കൂടുതൽ ഉപകരിക്കും. മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യം, ദേലമ്പാടി, കാറഡുക്ക, മുളിയാർ, ബെള്ളൂർ പഞ്ചായത്തുകളിൽ നിന്നും വരുന്നവർക്ക് ബേക്കൽ ടൂറിസം കേന്ദ്രം, കേന്ദ്ര സർവകലാശാല, കാഞ്ഞങ്ങാട് ടൗൺ എന്നിവിടങ്ങളിലെത്താൻ ചെർക്കള വഴി ചുറ്റിത്തിരിയാതെ പാലം വഴി പെരിയയിൽ എത്താം.പാലത്തിന് താഴെ ബിആർഡിസി കുടിവെള്ളത്തിനായി നിർമിച്ച ഡാമുണ്ട്.
ഉയരം തന്നെയാണ് പാലത്തിന്റെ സവിശേഷത.ജലനിരപ്പിൽ നിന്നു 25 മീറ്ററാണു തൂണുകളുടെ ഉയരം.തെങ്ങിനേക്കാൾ ഉയരത്തിലാണു ആയംകടവ് പാലം.ഈ ഉയരത്തിൽ രണ്ടു മലനിരകളെ ബന്ധിപ്പിക്കുന്നുവെന്നതാണു പാലമൊരുക്കുന്ന കൗതുകം.കൊച്ചി സ്വദേശിയായ ഡോ.അരവിന്ദാണു പാലം രൂപകൽപന ചെയ്തത്.