IndiaNEWS

ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ

ദില്ലി: ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് ഒളിംപിക്‌സ് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ. ഇനി പരിശീലനമടക്കമുള്ള കാര്യങ്ങൾ നന്നായി മുന്നോട്ട് പോകട്ടെ, വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും പിടി ഉഷ ദില്ലിയിൽ പറഞ്ഞു. നേരത്തെ സമരം രാജ്യത്തിന്റെ പ്രതിച്ഛായ തകർത്തെന്ന ഉഷയുടെ പരാമർശം വിവാദമായിരുന്നു. സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്ന് ഉഷ വിമർശിച്ചു. തെരുവിൽ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും ഉഷ വ്യക്തമാക്കിയിരുന്നു. പിന്നാലെ കടുത്ത എതിർപ്പാണ് ഉഷക്കെതിരെ ഉയർന്നത്.

ലൈംഗിക പീഡന പരാതിയിൽ നീതി ലഭിക്കാതെ തെരുവിൽ പ്രതിഷേധിച്ച താരങ്ങൾക്കെതിരെ പി ടി ഉഷ നടത്തിയ പരാമർശം ശരിയായില്ലെന്ന് തുറന്നടിച്ച് ശശിതരൂർ, ആനി രാജ, പി കെ ശ്രീമതിയടക്കമുള്ള നേതാക്കൾ രംഗത്തെത്തി. ‘ലൈംഗികപീഡന പരാതി നൽകിയിട്ടും നീതി ലഭിക്കാതെ തെരുവിലിറങ്ങേണ്ടി വന്ന കായിക താരങ്ങളെ ഉഷ അവഗണിച്ചു. നീതിക്ക് വേണ്ടിയുള്ള കായികതാരങ്ങളുടെ സമരം ഒരിക്കലും രാജ്യത്തിെേന്റ പ്രതിഛായക്ക് മങ്ങലല്ല. അവരുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്നതും, കൃത്യമായ അന്വേഷണം നടത്താത്തതും നടപടിയെടുക്കാതിരിക്കുന്നതുമാണ് രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലാകുന്നതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

Signature-ad

നീതിക്കുവേണ്ടി അത്ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്നായിരുന്നു ഒളിംബ്യൻ നീരജ് ചോപ്രയുടെ പ്രതികരണം. രാജ്യത്തിനായി കഠിനാധ്വാനം ചെയ്തവരാണ് കായിക താരങ്ങൾ. ഓരോ പൗരന്റേയും അഭിമാനത്തെ സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. പക്ഷേ സംഭവിക്കാൻ പാടില്ലാത്തതാണ് നടക്കുന്നതെല്ലാം. വൈകാരികമായ വിഷയമാണിത്. അധികൃതർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉഷയുടെ നിലപാട് ഞെട്ടിച്ചെന്നായിരുന്നു സമരം ചെയ്യുന്ന ഗുസ്തി താരം ബജ്രംഗ് പുനിയയുടെ പ്രതികരണം.

Back to top button
error: