KeralaNEWS

സംവരണം അട്ടിമറിച്ചുള്ള നിയമനം; കെ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ കേസെടുത്ത് എസ്‍സി, എസ് ടി കമ്മീഷൻ

തിരുവനന്തപുരം: കെ. വിദ്യയുടെ പിഎച്ച് ഡി പ്രവേശനത്തിൽ കേസെടുത്ത് എസ്‍സി, എസ് ടി കമ്മീഷൻ. സംവരണം അട്ടിമറിച്ചുള്ള നിയമനത്തിൽ ആണ് എസ് സി, എസ് ടി കമ്മീഷൻ കേസെടുത്തിരിക്കുന്നത്. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കാലടി സർവ്വകലാശാല രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിദ്യയുടെ പി.എച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തിൽ അന്വേഷണത്തിന് കാലടി സർവകലാശാല വിസി നിർദേശം നൽകിയിട്ടുണ്ട്. സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കണം. അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസിയുടെ നടപടി. സംവരണത്തിന് അർഹതയുളള അപേക്ഷകരെ ഒഴിവാക്കിയാണോ വിദ്യയ്ക്ക് പ്രവേശനം നൽകിയത് എന്നതാകും പ്രധാനമായും പരിശോധിക്കുക. പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ശേഖരിച്ച് പരിശോധിക്കും.

Signature-ad

2019 ലെ മലയാളം വിഭാഗം പിഎച്ച്ഡിയ്ക്കുളള ആദ്യത്തെ പത്തു സീറ്റിന് പുറമേയാണ് അഞ്ചു പേരെക്കൂടി തെരഞ്ഞെടുത്തത്. ഇതിൽ പതിനഞ്ചാമതായിട്ടാണ് വിദ്യ കടുന്നുകൂടിയത്. ആകെയുളള സീറ്റിൽ ഇരുപത് ശതമാനം എസ് സി/എസ് ടി സംവരണമെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടം പാലിക്കാതെയാണ് വിദ്യയെ ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം. എന്നാൽ ആദ്യത്തെ പത്തിനു മാത്രമാണ് സംവരണം ബാധകമെന്നാണ് മുൻ വിസിയുടെ നിലപാട്. ശേഷിക്കുന്ന അഞ്ച് സീറ്റിന് സംവരണ തത്വം ബാധകമല്ല. ഇതിനെതിരെ സർവകലാശാല എസ് സി/എസ് ടി സെൽ നൽകിയ റിപ്പോർട്ടിന് നിയമപരമായ നിലനിൽപ്പില്ലെന്നും മുൻ വിസി പറയുന്നു. എന്നാൽ മുഴുവൻ സീറ്റുകൾക്കും സംവരണം ബാധകമാണെന്നും എസ്/ എസ്ടി സെല്ലിനെ നിയമിച്ചത് വൈസ് ചാൻസലാറാണെന്നുമാണ് മറുവാദം.

Back to top button
error: