KeralaNEWS

വികാരിയോട് പള്ളി നിര്‍മ്മിച്ചതിന്‍റെ കണക്കുകള്‍ ചോദിച്ചതിന്, ജീവിച്ചിരിക്കവെ വിശ്വാസികളുടെ കൂട്ടമരണ കുര്‍ബാന നടത്തി; ‘ഏഴാം ചരമദിന’ സമരവുമായി ഇടവകക്കാരും പ്രതിഷേധം കടുപ്പിച്ചു!

തൃശൂർ: ജീവിച്ചിരിക്കുന്ന ഇടവകക്കാർക്ക് കൂട്ടമരണ കുർബാന നടത്തിയ പള്ളി വികാരിക്ക് മറുപടിയുമായി ഇടവകക്കാരുടെ വേറിട്ട സമരം. പെന്തക്കൂസ്താ നാളിലാണ് പൂമല ചെറുപുഷ്പ ദേവാലയത്തിൽ വികാരി ഫാ. ജോയ്‌സൺ കോരോത്താണ് വിശ്വാസികളുടെ കൂട്ടമരണ കുർബാന ചൊല്ലിയത്. ഇടവകക്കാരാകട്ടെ തങ്ങളുടെ ‘ഏഴാം ചരമദിന’ ചടങ്ങുകൾ നടത്തിയാണ് പ്രതിഷേധം കടുപ്പിച്ചത്. പുതിയ പള്ളി നിർമ്മിച്ചതിൻറെ കണക്കുകൾ വിശ്വാസികൾ ആവശ്യപ്പെട്ടതും വികാരിയുടെ രീതികളോടുള്ള എതിർപ്പുകളുമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.

വികാരിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ അതിരൂപതാ ആസ്ഥാനത്തു വിശ്വാസികൾ സമരം നടത്തിയിരുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താമെന്ന ഉറപ്പിലാണ് സമരത്തിൽ നിന്നും വിശ്വാസികൾ പിന്മാറിയതെങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ല. ഒരു പള്ളിവികാരിക്ക് ചേരുന്ന വിധത്തിലല്ല വികാരിയുടെ പ്രവർത്തനങ്ങൾ എന്നും വിശ്വാസികൾ ആരോപിക്കുന്നുണ്ട്. ജീവിച്ചിരിക്കുന്ന തങ്ങൾക്ക് മരണ കൂർബാന ചൊല്ലിയ വികാരിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനുള്ള നീക്കത്തിലാണ് വിശ്വാസികൾ.

വേദോപദേശക്ലാസ്സിൽ പഠിക്കാൻ ചെന്ന കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകാനും നീക്കമുണ്ട്. പള്ളി വികാരി കൂട്ട കുർബാന നടത്തിയവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും പുഷ്പ്പാർച്ചനയും നടത്തിയാണ് വിശ്വാസികൾ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകൾ നടത്തിയത്. സിബി പതിയിൽ, ജിജോ കുര്യൻ, പി കെ ലാളി, പ്രകാശ് ജോൺ, ജോൺസൺ പുളിയൻമാക്കൽ, ഷാജി വട്ടുകുളം, റോയി മാടപ്പിള്ളി, ജോസ് വെട്ടിക്കൊമ്പിൽ, സാജൻ ആരിവേലിക്കൽ, ജോസ് പുൽക്കൂട്ടിശ്ശേരി, പി ജെ കുര്യൻ, പ്രസാദ് പി ജെ, ജിബി ജോസഫ്, പി ജെ ആന്റണി സിജോ കുറ്റിയാനി, ജോർജ് ചിറമാലിയിൽ, കെ ജെ ജെറി, സിബി സെബാസ്റ്റ്യൻ, റോയ്, ജോജോ കുര്യൻ , അനൂപ് സെബാസ്റ്റ്യൻ എന്നിവരാണ് വിശ്വാസികളുടെ വേറിട്ട സമരത്തിന് നേതൃത്വം നൽകിയത്. ‘ഏഴാം ചരമദിനാ’ചരണത്തിൻറെ ഭാഗമായി വിശ്വാസികൾ ഉണ്ണിയപ്പ വിതരണവും നടത്തി.

Back to top button
error: