FeatureLIFE

അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണത്തില്‍ ഭക്ഷണം വാങ്ങാനെത്തിയ അച്ഛന് കിട്ടിയത് സ്വന്തം മകനെ! അമ്മയുടെ ദുരൂഹ മരണത്തില്‍ ജയിലിലായ അച്ഛനെ പത്തുവര്‍ഷത്തിന് ശേഷം തിരിച്ചറിഞ്ഞത് 13കാരന്‍

നാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതിരണത്തിനിടെ അച്ഛനെ തിരിച്ചറിഞ്ഞ ഒരു മകൻറെ വാർത്തയാണ് ജാർഖണ്ഡിൽ നിന്നും പുറത്തുവരുന്നത്. ജാർഖണ്ഡിലെ രാംഗഡിലെ ഡിവൈൻ ഓംകാർ മിഷൻ എന്നു പേരുള്ള അനാഥാലയത്തിലാണ് ഈ അപൂർവ കൂടിക്കാഴ്ച നടന്നത്. അനാഥാലയത്തിൽ വളർന്ന ശിവം വർമ എന്ന പതിമൂന്നു വയസുകാരൻ പത്ത് വർഷത്തിന് ശേഷം അച്ഛൻ ടിങ്കു വർമയെ കണ്ടുമുട്ടുകയായിരുന്നു.

2013-ൽ ഭാര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ ടിങ്കു വർമയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് മൂന്ന് വയസുകാരനായിരുന്നു ശിവം. തുടർന്ന് ഒറ്റപ്പെട്ടുപോയ ശിവത്തെ അധികൃതർ അനാഥാലയത്തിന് കൈമാറുകയായിരുന്നു. അനാഥാലയത്തിന് കീഴിലുള്ള സ്‌കൂളിൽ എട്ടാം ക്ലാസിലാണ് ശിവം ഇപ്പോൾ പഠിക്കുന്നത്. രണ്ട് വർഷം മുമ്പാണ് ടിങ്കു ജയിൽ മോചിതനായത്. പിന്നീട് ഓട്ടോറിക്ഷാ ഓടിച്ചും കൂലിപ്പണിയെടുത്തും ജീവിക്കുകയായിരുന്നു.

അനാഥാലയം നടത്തുന്ന സന്നദ്ധ സംഘടനയുടെ സൗജന്യ ഭക്ഷണ വിതരണത്തിൽ എത്തിയാണ് പലപ്പോഴും വിശപ്പടക്കാറുള്ളത്. ഇവിടെ ഭക്ഷണം വിളമ്പാൻ എത്തിയതായിരുന്നു ശിവം. ഇതിനിടയിൽ ഭക്ഷണത്തിനായി വരി നിൽക്കുന്ന ആൾക്ക് അച്ഛന്റെ മുഖസാദൃശ്യമുള്ളതായി ശിവത്തിന് തോന്നി. തുടർന്ന് അയാളുടെ അടുത്തെത്തി ശിവം സംസാരിക്കുകയായിരുന്നു. ഇതോടെ ശിവത്തിനെയും ടിങ്കു തിരിച്ഛറിഞ്ഞു. അങ്ങനെ അച്ഛൻ ടിങ്കുവാണ് അതെന്ന് ശിവം തിരിച്ചറിയുകയും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും കരയുകയും ചെയ്തു. ഇത് സന്നദ്ധ സംഘടനയുടെ മാനേജറുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇവരുടെ ജീവിത കഥകൾ പുറത്തുവന്നത്.

നടപടിക്രമങ്ങൾ പൂർത്തിയായാൽ അച്ഛനൊപ്പം മകനെ വിടുമെന്ന് ഡിവൈൻ ഓംകാർ മിഷൻ വ്യക്തമാക്കി. ‘ജീവിതത്തിൽ ഒരിക്കലും ഞാൻ എൻറെ അച്ഛനെ കാണുമെന്ന് കരുതിയിരുന്നില്ല. അച്ഛനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്’- ശിവം പറഞ്ഞു. തന്റെ കുട്ടിക്കാലം ചിലവഴിച്ച, പത്ത് വർഷത്തെ ഓർമകളുള്ള അനാഥാലയം വിടുന്നതിൽ ഒരുപാട് സങ്കടമുണ്ടെന്നും ശിവം കൂട്ടിച്ചേർത്തു. മകനെ പത്ത് വർഷം സംരക്ഷിച്ച അനാഥാലയത്തിനോട് ടിങ്കു വർമ നന്ദി അറിയിച്ചു.

Back to top button
error: