അടിമാലി: തന്റെ എതിര്‍പ്പ് അവഗണിച്ച് മകളെ പ്രണയിച്ച് വിവാഹം കഴിച്ച മരുകനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് അമ്മായിഅച്ഛൻ.
ഇടുക്കി അടിമാലി സ്വദേശി ഷിബുവാണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായത്.ഷിബുവിന്‍റെ വെട്ടേറ്റ യദുകൃഷ്ണന്‍റെ നില ഗുരുതരമായി തുടരുകയാണ്.
ഷിബുവിന്‍റെ മകള്‍ അനുശ്രിയുമായി യദുകൃഷ്ണന്‍ പ്രണയത്തിലായിരുന്നു. പിതാവിന്‍റെ എതിര്‍പ്പവഗണിച്ച് ഇരുവരും വിവാഹം ചെയ്തു. ഇതോടെ തുടങ്ങിയ പകയാണ് പിന്നീട് കൊലപാതക ശ്രമത്തിലേക്കെത്തിയത്. അടിമാലി ഇരുമ്ബുപാലം മാര്‍ക്കോസ് കോളനിയില്‍ നില്‍ക്കുകയായിരുന്ന യദുകൃഷ്ണനെ വാക്കത്തി ഉപയോഗിച്ച് ഷിബു വെട്ടുകയായിരുന്നു.വെട്ടേറ്റ യദു ഓടി സുഹൃത്തുക്കളുടെ വീട്ടില്‍ കയറിയതോടെയാണ് ജീവൻ രക്ഷിക്കാനായത്.
യദു ഇപ്പോൾ കളമശേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.യദുകൃഷ്ണന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് ഷിബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.