KeralaNEWS

കള്ളക്കേസെടുത്തവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ആത്മഹത്യാ ഭീഷണിയുമായി ആദിവാസി യുവാവ്

ഇടുക്കി: കാട്ടിറച്ചിയുമായി പിടികൂടിയെന്ന കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കണ്ണംപടി മുല്ല പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജി(24) ആണ് കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുന്‍പിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി 2022 സെപ്റ്റംബര്‍ 20ന് ആണ് കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തില്‍ കള്ളക്കേസ് എടുത്തത്. 10 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങിയപ്പോഴാണ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ തന്നെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞത്.

തുടര്‍ന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി നടന്ന അന്വേഷണത്തില്‍ അത് കള്ളക്കേസാണെന്ന് വനം വകുപ്പിലെ മേലുദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിന്റെ തുടര്‍ച്ചയായി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അടക്കം 7 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡു ചെയ്തിരുന്നു.

കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിട്ടും കേസ് പിന്‍വലിക്കാതിരുന്നതിനെ തുടര്‍ന്ന് സരുണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വനം വകുപ്പ് അധികൃതര്‍ നടപടികള്‍ വൈകിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ കേസിന്റെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുമെന്ന് വനം മന്ത്രി സരുണിന് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍, യുവാവിനെ കേസില്‍ നിന്നൊഴിവാക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് അതിന്റെ പേരില്‍ നടപടി നേരിട്ട 7 വനം വകുപ്പ് ഉദ്യോഗസ്ഥരെയും വനം വകുപ്പ് തിരിച്ചെടുത്തു.

കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ പലതവണ സരുണ്‍ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ മനുഷ്യാവകാശ-ഗോത്ര വര്‍ഗ കമ്മിഷനുകള്‍ ഇടപെട്ടതോടെയാണ് 2022 ഡിസംബര്‍ 5ന് 13 ഉദ്യോഗസ്ഥര്‍ക്ക് എതിരെ പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പോലീസ് തയാറായത്. കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും അവരെ അറസ്റ്റു ചെയ്യുന്നത് പോലീസ് വൈകിപ്പിക്കുകയാണെന്നാണ് സരുണിന്റെ ആരോപണം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: