IndiaNEWS

മണിപ്പൂര്‍ വംശീയ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 121 ക്രിസ്ത്യന്‍ പള്ളികൾ; പലായനം ചെയ്തത് 30000 ആളുകൾ

ഇംഫാൽ:മണിപ്പൂര്‍ വംശീയ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 121 ക്രിസ്ത്യന്‍ പള്ളികളെന്ന് റിപ്പോര്‍ട്ട്.തീവെക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്ത പള്ളികളുടെ പട്ടികയാണിത്.

മേയ് മൂന്നിന് ആരംഭിച്ച്‌ ഒരാഴ്ച  നീണ്ടുനിന്ന വംശീയ കലാപത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 250ഓളം പേര്‍ക്ക് പരിക്കേറ്റു. ഔദ്യോഗിക കണക്ക് പ്രകാരം 30,000ഓളം ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു.പര്‍വതമേഖലയിലും താഴ്വരയിലുമായി 45,000ഓളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രബല ഹിന്ദു വിഭാഗമായ മെയ്തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ കലാപഭൂമിയാക്കി മാറ്റിയത്. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന മെയ്തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നത് തങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കുമെന്ന് നാഗ, കുകി ഗോത്രവിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മെയ്തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നതിനെതിരെ ഗോത്രവിഭാഗങ്ങള്‍ നടത്തിയ മാര്‍ച്ചും, അതിന് നേരെയുണ്ടായ ആക്രമണവുമാണ് പിന്നീട് വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും വ്യാപിച്ചത്.

 

സംസ്ഥാനത്തെങ്ങും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കുകയും ചെയ്തിരുന്നു. അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കേണ്ട സാഹചര്യത്തിലേക്ക് വരെ അക്രമം വളര്‍ന്നിരുന്നു.

Back to top button
error: