KeralaNEWS

ആശുപത്രികളിലെ അക്രമങ്ങള്‍ക്ക് കര്‍ശന ശിക്ഷ; ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: ആശുപത്രികളിലെ അക്രമം തടയാന്‍ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. ഓര്‍ഡിനന്‍സില്‍ പരാതിയുണ്ടെങ്കില്‍ നിയമസഭാ സമ്മേളനത്തില്‍ ഔദ്യോഗിക ഭേദഗതി കൊണ്ടുവരും. ഡോക്ടര്‍മാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമായത്. ആശുപത്രികളില്‍ അക്രമം കാട്ടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ്.

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ്. ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് പരമാവധി ഏഴു വര്‍ഷം വരെ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. പ്രത്യേക കോടതിയില്‍ ഒരു വര്‍ഷത്തിനകം വിചാരണ തീര്‍ക്കണമെന്ന് വ്യവസ്ഥയുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മിനിസ്റ്റീരിയല്‍ സ്റ്റാഫിനും സുരക്ഷാ ജീവനക്കാര്‍ക്കും മെഡിക്കല്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കും പരിരക്ഷ ലഭിക്കും. വസ്തുവകകള്‍ക്ക് നാശം വരുത്തിയാല്‍ രണ്ടിരട്ടി തുക നഷ്ടപരിഹാരം ഈടാക്കും.

നിലവിലെ നിയമത്തിലെ സെക്ഷന്‍ 4 അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയോ ആക്രമണം നടത്തിയാല്‍ മൂന്നു വര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ. 7വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപയില്‍ കുറയാത്ത പിഴയും ഈടാക്കാനാണ് നീക്കം. ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ പത്തുവര്‍ഷം ശിക്ഷയും ഒരു ലക്ഷംരൂപയില്‍ കുറയാത്ത പിഴയും വേണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നത്.

പരാതികള്‍ ലഭിച്ചാല്‍ ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ ഉണ്ടെന്നാണ് സൂചന. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചാല്‍ വിലയുടെ രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇത് വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപം, സൈബര്‍ അധിക്ഷേപം തുടങ്ങിയവയും നിയമപരിധിയില്‍ കൊണ്ടുവരും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: