തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പും ഹണി ട്രാപ്പും പോലുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുള്ള ‘അശ്വതി അച്ചു’ ഒടുവിൽ പിടിയിലായത് 68കാരന്റെ പരാതിയിൽ. ഉന്നതരെയെടക്കം കുടുക്കിയിട്ടുണ്ടെന്ന പരാതികൾ മുമ്പ് വന്നിട്ടുണ്ടെങ്കിലും പലരും അന്വേഷണവുമായി സഹകരിക്കാത്തതിനാൽ തുടർ നടപടികൾ മുന്നോട്ട് പോയില്ല. എന്നാൽ 68 കാരൻ പരാതിയിൽ ഉറച്ചു നിന്ന് നിയമ നടപടികളുമായി മുന്നോട്ട് പോയതോടെ തിരുവനന്തപുരത്ത് ‘അശ്വതി അച്ചു’വിന് പിടിവീഴുകയായിരുന്നു. വിവാഹം വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിലാണ് ഇവർക്ക് പിടിവീണത്.
പൂവാർ സ്വദേശിയായ 68 കാരനാണ് അശ്വതിക്കെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി 40,000 രൂപ തട്ടിയെടുത്തെന്നാണ് 68 കാരൻ ‘അശ്വതി അച്ചു’വിനെതിരെ പരാതി നൽകിയത്. പൂവാർ പൊലീസാണ് പ്രതിയെ പിടികൂടിയത്. പൂവാർ സ്വദേശിയായ 68 കാരൻറെ പരാതിയിൽ അശ്വതി അച്ചുവിനെ പൊലീസ് നേരത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ പണം കടമായി വാങ്ങിയതാണെന്നും തിരികെ നൽകാം എന്നുമായിരുന്നു ഇവർ പൊലീസിനെ അറിയിച്ചത്. എന്നാൽ ഇവർ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ ‘അശ്വതി അച്ചു’ പിടിയിലാകുന്നത് ആദ്യമാണ്. നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം അശ്വതി അച്ചുവിനെതിരെ നേരത്തെ ഉയർന്നിരുന്നു. ചില പൊലീസ് ഓഫീസർ പരാതിയുമായി മുന്നോട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാൽ തുടർ നടപടികൾ ഉണ്ടായിരുന്നില്ല.