കൊച്ചി: ഉത്ഘാടന ദിവസം മുതൽ ഹൗസ്ഫുള്ളായി കൊച്ചി വാട്ടർമെട്രോ. ഓരോ ദിവസവും എത്തുന്ന ആളുകളുടെ എണ്ണം വർധിച്ചതോടെ കൂടുതലാളുകൾക്ക് സർവീസ് നൽകിക്കൊണ്ട് രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് കൊച്ചി വാട്ടർമെട്രോ.
ആദ്യ ദിവസം 6559 പേരാണ് ബോട്ടുകളിൽ കയറിയതെങ്കിൽ അതിന്റെ അടുത്ത ദിവസം 8415 പേർ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്.ഇന്നലെ പതിനായിരത്തിനടുത്തായിരുന്നു ആളുകളുടെ എണ്ണം.
മികച്ച കണക്‌ടിവിറ്റിയും ചിലവ് കുറഞ്ഞ പെട്ടെന്നുള്ള യാത്രയുമാണ് വാട്ടർമെട്രോയിലേക്ക് കൂടുതലാളുകളെ ആകർഷിക്കുന്നത് . വിശാലമായ പാർക്കിങ് സൗകര്യത്തിനൊപ്പം കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളും വാട്ടർമെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.
എത്രയും പെട്ടെന്ന് തന്നെ കൂടുതൽ ജട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി വാട്ടർമെട്രോ വിപുലീകരിക്കാനാണ് സർക്കാർ തീരുമാനം കൂടുതൽ ബോട്ടുകളും യാത്രക്കാർക്കായി നീറ്റിലിറക്കും.ലോകത്തിന് മുന്നിൽ കേരളത്തിൻ്റെ മുന്നേറ്റം വ്യക്തമാക്കുന്ന മറ്റൊരു നാഴികക്കല്ലായിരിക്കും കൊച്ചി വാട്ടർമെട്രോയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.