KeralaNEWS

മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ. മുനീറിന്റെ പേരിന് മുൻതൂക്കം; കുഞ്ഞാലിക്കുട്ടിക്ക് എതിർപ്പ്, കൗൺസിൽ യോഗത്തിന് മുൻപ് സമവായമുണ്ടാക്കാൻ നീക്കം

മലപ്പുറം: മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ മുനീറിന്റെ പേരിന് മുൻതൂക്കം. ജില്ലാ ഭാരവാഹികളിൽ കൂടുതൽ പേരിനും മുനീറിനെ പിന്തുണച്ചതോടെയാണിത്. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഈ നീക്കത്തോട് യോജിപ്പില്ലാത്ത സാഹചര്യത്തിൽ പ്രതിസന്ധി തുടരുകയാണ്. പിഎംഎ സലാമിനെ വീണ്ടും ജനറൽ സെക്രട്ടറിയാക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി പക്ഷം നീക്കം തുടങ്ങിയതോടെയാണ് മറുപക്ഷം എതിർപ്പറിയിച്ച് മുനീറിന് വേണ്ടി നീക്കം തുടങ്ങിയത്. ഇതോടെ പ്രതിസന്ധിയുണ്ടായി.

സാദിഖലി തങ്ങൾ ലീഗ് ജില്ലാ ഭാരവാഹികളെ മലപ്പുറത്തേക്ക് വിളിച്ച് വരുത്തി അഭിപ്രായം ചോദിച്ചു. കണ്ണൂരൊഴികെ ലീഗിന് സ്വാധീനമുള്ള പ്രധാന ജില്ലാ ഭാരവാഹികൾ മുനീറിനെ തുണച്ചു. പാണക്കാട് തങ്ങൾ നയം വ്യക്തമാക്കിയില്ലെങ്കിലും മുനീറിൻ്റെ പേരിനാണ് മുൻതൂക്കം. എന്നാൽ കുഞ്ഞാലിക്കുട്ടി ഇത് അംഗീകരിക്കാനിടിയല്ലാത്ത സാഹചര്യത്തിൽ സമവായത്തിനായി ഇരുവരുമായും അടുപ്പമുള്ള ഒരു എംഎൽഎയെ നിയോഗിച്ചെന്നാണ് വിവരം.

ഇന്ന് കൗൺസിൽ യോഗം ചേരും മുൻപ് സമവായം ഉണ്ടാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ പോകില്ലെന്ന് സാദിഖലിതങ്ങൾ വ്യക്തമാക്കി. ഇടി മുഹമ്മദ് ബഷിറും കെപിഎ മജീദും അടക്കമുള്ള പ്രബല നേതാക്കൾ സലാമിനെ വീണ്ടും ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർക്കുന്നുണ്ട്. സിഎച്ചിന്റെ മകൻ എന്നതും മുനീറിന് നേട്ടമാകും. കോഴിക്കോട് അടക്കമുള്ള പല ജില്ലകളിലും കുഞ്ഞാലിക്കുട്ടിയുടെ നീക്കം മുനീറും കെഎം ഷാജിയും അടക്കമുള്ളവർ ചേ‍ർന്ന് പൊളിച്ചിരുന്നു. സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തിലും അതേ ചരടുവലികൾ സജീവമാവുകയാണ്. അഴിച്ചു പണിയിൽ വികെ ഇബ്രാഹിം കുഞ്ഞിനെ ട്രഷററാക്കാനുള്ള നീക്കമുണ്ട്. ഇതിനെതിരെ അഹമ്മദ് കബീറടക്കമുള്ള നേതാക്കൾ എതിർപ്പറിയിച്ചിട്ടുണ്ട്.

Back to top button
error: