ദില്ലി: കെ.സുധാകരനും എംപിമാരും തമ്മിലുള്ള തർക്കം തീർക്കാൻ കെ സി വേണുഗോപാൽ വിളിച്ച യോഗത്തിൽ രൂക്ഷമായ വാക്പോര്. കെ സുധാകരന്റെ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കുറ്റപ്പെടുത്തി. സംസ്ഥാന കോൺഗ്രസിൽ പാർട്ടി അച്ചടക്കം ലംഘിക്കാൻ എംപിമാർ ശ്രമിച്ചെന്ന വിമർശനത്തിൽ കെ സുധാകരൻ ഉറച്ചുനിന്നു. തന്നെ പിന്തുണച്ചതിന്റെ പേരിൽ എം കെ രാഘവനെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് ശശി തരൂർ എംപിയും നിലപാടെടുത്തു.
കെ സുധാകരനെതിരെ കെ സി വേണുഗോപാലിനെ ഇന്നലെ കണ്ട ഏഴ് എംപിമാർ ഗുരുതരമായ പരാതി ഉന്നയിച്ചിരുന്നു. എഐസിസി അംഗങ്ങളായ എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി അപമാനിച്ചതാണ് പ്രധാന പരാതി. സംഘടനാ സംവിധാനം കുത്തഴിഞ്ഞെന്നും അറ്റാച്ച്ഡ് സെക്രട്ടറി എന്ന പേരിൽ ഒരാളെ നിയമിച്ച് കെ സുധാകരൻ മാറി നിൽക്കുകയാണെന്നും എംപിമാർ പരാതി അറിയിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് കെ സി വേണുഗോപാൽ ചർച്ച വിളിച്ചത്.
പുനസംഘടന അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന കോൺഗ്രസിൽ തർക്കങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്നുവന്ന കെപിസിസി പ്രസിഡന്റും എംപിമാരും തമ്മിലുള്ള തർക്കം ഹൈക്കമാന്റിനും വലിയ തലവേദനയായി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തർക്കം ഇതേ മട്ടിൽ തുടർന്നാൽ അത് പാർട്ടിക്ക് തിരിച്ചടിയാകും. ബ്രഹ്മപുരം അടക്കം വിവാദ വിഷയങ്ങളിൽപെട്ട് സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയില്‍ നേതാക്കൾ തമ്മിലടിക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.