നേരം പുലരുന്നതേയുള്ളൂ. ആറു മണി ആയിട്ടില്ല. ഒറ്റപ്പെട്ട ചില പ്രഭാത സവാരിക്കാരെ ഒഴിച്ചാൽ റോഡ് വിജനം. ഈ നേരത്ത് കോട്ടയം നഗരാതിർത്തിയിൽ ഇറഞ്ഞാൽ പാതയോരത്തെ ചെടികളും വൃക്ഷത്തൈകളും വെള്ളമൊഴിച്ചു നനക്കുകയാണ് ഒരാൾ. ഒപ്പം രണ്ട് കൂട്ടുകാരുമുണ്ട്. പ്രഭാത സവാരിക്കാരിൽ ചിലർ അഭിവാദ്യം ചെയ്ത് കടന്നുപോകുമ്പോഴും ചെടികൾ നനയ്ക്കുന്നതിൽ മാത്രമാണ് അയാളുടെ ശ്രദ്ധ.
കോട്ടയം നഗരസഭയിലെ പതിനഞ്ചാം വാർഡിലാണ് എല്ലാ പ്രഭാതങ്ങളിലും ഈ പതിവ് കാഴ്ച. നഗരസഭാ കൗൺസിലർ അജിത് പൂഴിത്തറയാണ് നേരം പുലരും മുമ്പേ ഉണർന്ന് വന്ന് വഴിയോരത്തെ തണൽമരതൈകളും ചെടികളും വെള്ളമൊഴിച്ച് നനയ്ക്കുന്നത്. ഒരു ജനപ്രതിനിധി എത്രമാത്രം ജനജീവിതമായി ഇടകലർന്ന് ജീവിക്കുന്നു എന്നതിന് ഇതിൽപ്പരം മറ്റൊരു ഉദാഹരണം ഇല്ല.
കൊടുംവേനലിൽ വാടിക്കരിഞ്ഞു തുടങ്ങിയ തണൽ വൃക്ഷങ്ങൾക്ക് പതിവായി വെള്ളം ഒഴിക്കുന്നു എന്നതല്ല, ഒരു വ്യക്തിയുടെ മനോഭാവമാണ് ഈ പ്രവർത്തിയിലൂടെ വെളിവാകുന്നത്. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല.
സമൂഹത്തിൻ്റെ താഴെത്തട്ടിലാണ് പല ജനപ്രതിനിധികളുടെയും വേരുകൾ. സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ മുതൽ ലോകസഭാംഗങ്ങൾ വരെയുള്ള ജനപ്രതികൾ പക്ഷേ തെരഞ്ഞെടുക്കപ്പെടുകയും ഉയരങ്ങളിൽ എത്തുകയും ചെയ്യന്നതോടെ ഈ വേരുകൾ എങ്ങനെയോ വിച്ഛേദിക്കപ്പെടുന്നു.
രാഷ്ട്രീയ പ്രവർത്തനമാണ് സത്യസന്ധമായ ജനകീയ പ്രവർത്തനം എന്ന പക്ഷക്കാരനാണ് അജിത്ത്. വിദ്യാർത്ഥി രാഷ്ട്രീയമായിരുന്നു അജിത്തിന്റെ ബാലപാഠം. കോട്ടയം നട്ടാശ്ശേരി ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വീര്യമായിരുന്ന പൂഴിത്തറ ചാക്കോച്ചന്റെ കൊച്ചുമോനാണ് അജിത്ത് പൂഴിത്തറ. മുത്തച്ഛൻ്റെ വീറും വീര്യവും അജിത്തിന്റെ പ്രവർത്തനങ്ങൾക്കും ഊർജ്ജം പകരുന്നുണ്ട്.
കോട്ടയം മുനിസിപ്പൽ കൗൺസിലിലേക്ക് അജിത്ത് ആദ്യം മത്സരിക്കുന്നത് 2005-ലാണ്. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള ഇറഞ്ഞാലിൽ നിന്ന് അന്ന് വിജയിക്കാനായില്ല. പക്ഷേ 2020ൽ അജിത്ത് ഉജ്ജ്വല വിജയം നേടി.
സ്വന്തം വാർഡിലെ പാവപ്പെട്ട ജനങ്ങൾക്കൊപ്പം നിലകൊള്ളുക എന്നതാണ് അജിത്തിൻ്റെ പ്രവർത്തന ശൈലി. വാർഡിലെ പാവങ്ങളെയും ദുർബലരെയും സഹായിക്കാനായി രൂപംകൊണ്ട പൗരസമിതിയുടെ അമരക്കാരനാണ് അജിത്ത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കുന്ന പൗരസമിതിയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
ഭാര്യയും രണ്ടു മക്കളും അടങ്ങിയതാണ് അജിത്തിന്റെ കുടുംബം. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ അജിത്ത് ഇപ്പോൾ കോട്ടയം കഞ്ഞിക്കുഴിയിൽ ‘നിറം ഓഫ്സെറ്റ് പ്രസ്’ നടത്തുകയാണ്.
അജിത്തിനെപ്പോലെ സമൂഹത്തിൻ്റെ ഹൃദയമിടിപ്പുകൾ തൊട്ടറിഞ്ഞ ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടുമ്പോഴേ ജനാഭിലാഷം സഫലമാകൂ.