ബംഗളൂരു: ഗതാഗതക്കുരുക്കില്‍പ്പെട്ട കാറില്‍നിന്ന് ഇറങ്ങിയോടിയ നവവരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. ബംഗളൂരു മഹാദേവപുരയില്‍നിന്നു കാണാതായ യുവാവിനായി പോലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. യുവാവിനായി ബന്ധുക്കളും തിരച്ചില്‍ നടത്തുന്നുണ്ട്.
സംഭവം ഇങ്ങനെ: ഫെബ്രുവരി 15 നായിരുന്നു യുവാവിന്റെ വിവാഹം. 16 ന് പള്ളിയില്‍നിന്നു തിരിച്ചുവരുമ്പോള്‍ വധുവും വരനും വന്ന വാഹനം ട്രാഫിക്കില്‍പ്പെട്ടു. നവവരന്‍ കാറിന്റെ ഡോര്‍ തുറന്ന് ഓടിപ്പോകുകയായിരുന്നു. ഭാര്യ പിന്നാലെ ഓടിയെങ്കിലും അയാള്‍ രക്ഷപ്പെട്ടു.
കുറച്ചു ദിവസം കാത്തിരുന്നശേഷം മാര്‍ച്ച് 5 നാണ് ഭാര്യ പോലീസില്‍ പരാതിനല്‍കിയത്. കാമുകിയുടെ കൈവശം രഹസ്യ ഫൊട്ടോകള്‍ ഉണ്ടെന്നും അവ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് നവവരന്‍ മുങ്ങിയതെന്നാണ് പരാതി.
ചിക്ബല്ലാപുര്‍ ജില്ലയിലെ ചിന്താമണി സ്വദേശിയാണ് നവവരനെന്ന് ഇരുപത്തിരണ്ടുകാരിയായ ഭാര്യ പറയുന്നു. കര്‍ണാടകയിലും ഗോവയിലും പെണ്‍കുട്ടിയുടെ പിതാവ് നടത്തുന്ന കമ്പനിയില്‍ ഇയാള്‍ സഹായിച്ചിരുന്നു. അങ്ങനെ ഗോവയില്‍ എത്തിയപ്പോഴാണ് കാമുകിയുമായി ബന്ധം ഇയാള്‍ ആരംഭിച്ചത്. ഈ ബന്ധം അവസാനിപ്പിക്കുമെന്ന് ഭാര്യയോടു പറഞ്ഞെങ്കിലും തുടര്‍ന്നുകൊണ്ടിരുന്നു.
വിവാഹത്തിനുമുന്‍പുതന്നെ തന്നോട് ഇയാള്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും ബന്ധം അവസാനിപ്പിക്കുമെന്ന ഉറപ്പിലാണ് കല്യാണത്തിനു സമ്മതിച്ചതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍, കാമുകി ബ്ലാക്‌മെയില്‍ ചെയ്തതോടെയാണ് നവവരന്‍ മുങ്ങിയത്. ഇയാള്‍ ആത്മഹത്യാപ്രവണത കാണിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു.