ഐ.വി ശശിയുടെ വിവാദ ചിത്രമായ ‘അവളുടെ രാവുകൾ’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 45 വർഷം

സിനിമ ഓർമ്മ
‘അവളുടെ രാവുകൾ’ എന്ന ചിത്രം തീയേറ്ററിലെത്തിയിട്ട് ഇന്ന് 45 വർഷം.
1978 മാർച്ച് മൂന്നിനാണ് മുരളി മൂവീസിന്റെ ബാനറിൽ എം.പി രാമചന്ദ്രൻ നിർമ്മിച്ച മലയാളത്തിലെ ആദ്യ ‘എ’ സർട്ടിഫിക്കറ്റ് സിനിമയുടെ റിലീസ്. ‘ശരീരമേ ചീത്തയായിട്ടുള്ളൂ, മനസ്സ് നല്ലതാ’ണെന്ന സന്ദേശവുമായി മലയാളിമനസുകളിൽ കുടിയേറിയ രാജി എന്ന നന്മ നിറഞ്ഞ അഭിസാരികയുടെ കഥയാണ് ‘അവളുടെ രാവുക’ളുടെ പ്രമേയം.
ഐവി ശശിയുടെ ഉത്സവം, ആലിംഗനം, അനുഭവം, അംഗീകാരം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചതിന് ശേഷമാണ് രാമചന്ദ്രൻ ഈ ശശിച്ചിത്രം നിർമ്മിച്ചത്. രചന: ഷെറീഫ്.
‘അവളുടെ രാവുകൾ’ക്കു മുൻപ് ‘ഉത്സവ’മുൾപ്പെടെ ശശി-ഷെറീഫ് ടീമിന്റെ 17 ചിത്രങ്ങളാണ് പുറത്ത് വന്നത്. മോഹൻലാൽ ചിത്രമായ ‘അനുരാഗി’യാണ് ശശി-ഷെറീഫ് ഒന്നിച്ച അവസാനചിത്രം.
ജോലി കിട്ടണമെങ്കിലും നിലനിർത്തണമെങ്കിലും ശരീരം കാഴ്ചവയ്ക്കണമെന്ന് വിചാരിച്ച് വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സീമയുടെ ‘രാജി’യാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ‘അവളുടെ രാവുക’ളിൽ സീമയ്ക്ക് ശബ്ദം കൊടുത്തത് മല്ലിക സുകുമാരനാണ്. ചെറുപ്പത്തിലേ അനാഥയാണവൾ. കൂടെയുള്ളത് പയ്യനായ അനിയൻ. ഒരു ദിവസം ‘ജോലി’ കഴിഞ്ഞ് മഴയിൽ നനഞ്ഞൊലിച്ച് അവൾ കോളജ് വിദ്യാർത്ഥിയായ ബാബുവിന്റെ (രവികുമാർ) വീട്ടിൽ വന്ന് കയറുന്നു. അയാൾ കൊടുത്ത ഷർട്ട് ധരിച്ച് അവിടെ അന്തിയുറങ്ങുന്നു. രാഗം മാംസനിബദ്ധമല്ലെന്നാണ് അവൾക്ക് ബാബുവിനോടുള്ള സമീപനം. നിദ്രാവിഹീനങ്ങളായ രാത്രികളുള്ള അവൾക്ക് ശരീരത്തിന് വേണ്ടിയല്ലാതെ അവളെ സ്നേഹിക്കുന്ന ഒരാളെക്കുറിച്ച് പിൽക്കാലത്ത് ഓർക്കണമെന്നുണ്ട്. അത് ബാബുവായിരിക്കണം. ‘ആരോരുമറിയാതെ പാവം ആരെയോ ധ്യാനിച്ചു മൂകം.’
നാട്ടിൽ പക്ഷെ ബാബുവിനെ ഇഷ്ടപ്പെടുന്ന മുറപ്പെണ്ണുണ്ടല്ലോ. അയാളുടെ അന്തരിന്ദ്രിയ ദാഹങ്ങളിൽ രാജി അസുലഭ മോഹങ്ങൾ തീർത്ത് കഴിഞ്ഞിരുന്ന ഒരു വേളയിൽ നാട്ടിൽ നിന്നും ബാബുവിന്റെ അച്ഛനും മുറപ്പെണ്ണും സന്ദർശനത്തിന് വരുന്നു. ബാബുവിന്റെ അടുത്ത് രാജിയെ കണ്ട അവർ ഞെട്ടി. അയാളുടെ കല്യാണം മുടങ്ങിയെങ്കിലെന്താ, ബാബുവിന്റെ അമ്മ രാജിയെ മരുമകളായി സ്വീകരിക്കുന്നു.
ഇതിനിടയിൽ ഉപകഥകളുണ്ട്. മനുഷ്യജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിമറിയുന്ന സന്ദർഭങ്ങളുണ്ട്. നന്മ വറ്റാത്ത ലോകം ഇവിടെയുണ്ടെന്നും മനുഷ്യരാരും ചീത്തയല്ലെന്നും പ്രണയത്തിന്റെ നിർവ്വചനങ്ങൾ തിരുത്തപ്പെടേണ്ടതാണെന്നും കാണിച്ചു തന്ന സിനിമ കൂടിയാണ് ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ചിത്രമായ അവളുടെ രാവുകൾ.
ബിച്ചു തുരുമല-എ റ്റി ഉമ്മർ ടീമിന്റെ മൂന്ന് ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി. രാഗേന്ദു കിരണങ്ങൾ മോഷണമാണെങ്കിലും മലയാളികൾ അതെന്നേ ക്ഷമിച്ചിരിക്കുന്നു!
സമ്പാദകൻ: സുനിൽ കെ ചെറിയാൻ