ഞാന്‍ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമെന്ന് ആസിഫ് അലി; ദിലീപിനൊപ്പം നിന്നതിന് ഏറെ പരിഹസിക്കപ്പെട്ടെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി; ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് മുകേഷ്

കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് തന്റേത് എന്നും നടന്‍ ആസിഫ് അലി . പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല.

കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. കുറ്റവിമുക്തനാക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. ഞാന്‍ എപ്പോഴും അതിജീവിതയ്ക്കൊപ്പം-ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

ദിലീപിനൊപ്പം നിന്നതിന് ഏറെ പരിഹാസം കേട്ടുവെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി;
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം നിന്നതില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് വന്നത് വളരെ നല്ല വിധിയാണെന്നും കേസിനെ അനുകൂലിച്ചതിന്റെ പേരില്‍ തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.
ദിലീപേട്ടന്‍ ഇപ്പോള്‍ വിളിച്ചതേയുള്ളു. ദൈവഭാഗ്യമുണ്ടെന്നും സത്യം തെളിയുമെന്നും പറഞ്ഞു. വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. ദിലീപിനെതിരെ ഉണ്ടാക്കിയത് കള്ളക്കേസാണ്. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.അതിജീവിതയ്ക്കൊപ്പവും ദിലീപിനൊപ്പവും നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. രണ്ടുപേരും വേണ്ടപ്പെട്ടവരാണ് – ധര്‍മ്മജന്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് കോടതിയില്‍ നില്‍ക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കാറ്റ് വലത്തോട്ട് തന്നെയാണെന്നും ദുര്‍ഭരണം അവസാനിപ്പിക്കാന്‍ ആളുകള്‍ കൂടെ നില്‍ക്കുമെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. അടുത്ത വര്‍ഷം നിയമസഭയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ വിധിപ്പകര്‍പ്പ് കിട്ടിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് നടനും എംഎല്‍എയുമായ മുകേഷ്. കോടതി വിധി മാനിക്കാതിരിക്കാനാകില്ല. വിധിയില്‍ ചിലര്‍ക്ക് സന്തോഷമായിരിക്കും ചിലര്‍ക്ക് നിരാശയായിരിക്കാമെന്നും മുകേഷ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു മറുപടി.
കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ സിനിമാ സംഘടനകളിലേക്ക് ദിലീപിന്റെ മടങ്ങിവരവ് ഉടന്‍ വേണമെന്ന ആവശ്യം ഉയരുന്നുണ്ടല്ലോയെന്ന ചോദ്യത്തോട് ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചുവരവ് തീരുമാനിക്കേണ്ടത് സംഘടനാ നേതൃത്വമാണ്. താന്‍ അതിലൊരു അംഗം മാത്രമാണെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം.
അവര്‍ ആവശ്യം ഉന്നയിച്ചോട്ടെ, ഞാന്‍ സിനിമാ സംഘടനയില്‍ അംഗം മാത്രമാണ്. ഭാരവാഹിയല്ല. അവരുടെ തീരുമാനം എന്താണോ, അതിനാണല്ലോ അവരെ തെരഞ്ഞെടുത്തത്’ എന്നും മുകേഷ് പറഞ്ഞു. വിധിയില്‍ നിരാശയുണ്ടോയെന്ന ചോദ്യത്തോട്, ‘ചിരിച്ചോണ്ട് നിന്നാല്‍ നിങ്ങളുടെ വലിയ ആളുകള്‍ ബബ്ബബ്ബ അടിക്കുന്നുവെന്ന് പറയും. സന്തോഷമായി ചിരിച്ചാല്‍ അതാ സ്ഥിതി’ എന്നായിരുന്നു മുകേഷിന്റെ പ്രതികരണം.
കോടതി വിധി മാനിക്കാതിരിക്കാനാകില്ല. വിധിയില്‍ ചിലര്‍ക്ക് സന്തോഷമായിരിക്കും നിരാശയായിരിക്കും. അപ്പീല്‍ പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ നമ്മളത് അനുസരിച്ച് നില്‍ക്കണം. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നും മുകേഷ് പറഞ്ഞു.






