ഇരയ്‌ക്കൊപ്പവും വേട്ടക്കാരനുമൊപ്പം എങ്ങിനെ ഒരുമിച്ച് ഓടാനാകും? അവനും വേണം അവളും വേണമെന്ന് പറയുന്നത് ശരിയും തെറ്റും ഒരുപോലെ വേണമെന്ന് പറയുന്നത് പോലെയാണ് ; അമ്മയേയും ഫെഫ്ക്കയേയും വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: നടി ആക്രമിക്കപ്പെട്ട മലയാളത്തിലെ സിനിമാസംഘടനകളുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. താരസംഘടനകള്‍ എന്നെങ്കിലും അവള്‍ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്നും അവളെ പരിഗണിച്ചിട്ട് പോലുമുണ്ടോയെന്നും ചോദിച്ചു. മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ അമ്മയെയാണ് വിമര്‍ശിച്ചത്.
സ്ത്രീകള്‍ താരസംഘടനയുടെ തലപ്പത്ത് വന്നപ്പോള്‍ ഏറെ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ വേട്ടക്കാരനും ഇരയ്ക്കുമൊപ്പം ഒരു പോലെ നില്‍ക്കുന്ന ധൈര്യമില്ലായ്മയാണ് എക്‌സിക്യുട്ടീവുകളില്‍ നിന്നും കണ്ടതെന്നും പറഞ്ഞു. മുമ്പുണ്ടായിരുന്നവരുടെ ശബ്ദം തന്നെയാണ് ഇപ്പോഴുള്ളവരുടെയും ശബ്ദമെന്നും ഒരു മാറ്റവും ഇക്കാര്യത്തില്‍ ഇല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അവളും വേണം അവനും വേണം എന്നാണ് ഒരു ഭാരവാഹി പറഞ്ഞത്. ശരിയും വേണം തെറ്റും ഒരുപോലെ വേണം എന്ന് എങ്ങനെ പറയാന്‍ കഴിയും. താന്‍ നടിയോടൊപ്പവും പ്രതിയോടൊപ്പവും നില്‍ക്കും എന്ന് പറയുന്നത് നിലപാടല്ല. ധൈര്യമില്ലായ്മയാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെയും ഭാഗ്യലക്ഷ്മി ആഞ്ഞടിച്ചു. തുടക്കത്തില്‍ അവള്‍ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ച ഫെഫ്ക ജനറല്‍ സെക്രട്ടറി പിന്നീട് നിലപാട് മാറ്റി.
ദിലീപിനൊപ്പം സിനിമ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ തന്നെ താന്‍ അതിനെ എതിര്‍ത്തതാണ്. എന്നാല്‍ കോടികളുടെ കടബാധ്യത ഉണ്ടെന്നും സിനിമ ചെയ്തേ പറ്റൂ എന്നുമായിരുന്നു മറുപടി. അങ്ങനെയെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച് മാറിനിന്ന ശേഷം സിനിമ ചെയ്യൂ എന്ന് പറഞ്ഞപ്പോള്‍ ജനറല്‍ കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് തീരുമാനം എടുക്കാം എന്നും താന്‍ പറഞ്ഞു. ജനറല്‍ കൗണ്‍സിലില്‍ താന്‍ കാര്യങ്ങളെല്ലാം പറഞ്ഞു. അവിടെയും ബി ഉണ്ണികൃഷ്ണന്‍ നിലപാട് ആവര്‍ത്തിച്ചു.
ഫെഫ്കയിലെ 54ല്‍ 53 പേരും ഉണ്ണികൃഷ്ണന്‍ സിനിമയെടുക്കുന്നതിനെ പിന്തുണച്ചു. അതിന് ശേഷം താന്‍ രാജിക്കത്ത് നല്‍കി. നാല് വര്‍ഷത്തോളം കാലം അത് സ്വീകരിച്ചിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ സംവാദത്തിലായിരുന്നു ഭാഗ്യലക്ഷ്മി തുറന്നടിച്ചത്. നേരത്തേ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് അവര്‍ ഫെഫ്ക്കയില്‍ നിന്നും രാജി വെച്ചിരുന്നു.






