അഴിമതിക്ക് ചൈനയില്‍ തൂക്കുമരം ശിക്ഷ… പദ്ധതികളുടെ ഏറ്റെടുക്കലിലും വായ്പ അനുവദിക്കാനും മറ്റുമായി കൈക്കൂലി വാങ്ങിയത് 1290 കോടി രൂപ ; മുന്‍ ബാങ്കറെ ചൈന വധശിക്ഷയ്ക്ക് വിധേയനാക്കി…!

ബീജിംഗ്: വമ്പന്‍തുക കൈക്കൂലി വാങ്ങിയ അഴിമതിക്കേസില്‍ ബാങ്ക് മാനേജരെ തൂക്കിലേറ്റി ചൈന. ചൈന ഹുവാറോങ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സിന്റെ മുന്‍ ജനറല്‍ മാനേജരായിരുന്ന ബൈ തിയാന്‍ഹുയിയെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 156 മില്യണ്‍ ഡോളറിലധികം (ഏകദേശം 1290 കോടി രൂപ) കൈക്കൂലി വാങ്ങിയതിനാണ് ശിക്ഷയ്ക്ക് വിധേയനാക്കിയത്.
സംസ്ഥാന നിയന്ത്രണത്തിലുള്ള ഒരു മുന്‍നിര അസറ്റ് മാനേജ്മെന്റ് സ്ഥാപനത്തില്‍ മുന്‍ എക്സിക്യൂട്ടീവ് ആയിരുന്ന ബൈ തിയാന്‍ഹുയിയെ 2014-നും 2018-നും ഇടയില്‍ പദ്ധതികളുടെ ഏറ്റെടുക്കലിലും ധനസഹായത്തിലും അനുകൂലമായ പരിഗണന നല്‍കിയതിലൂടെ 156 മില്യണ്‍ ഡോളറിലധികം കൈക്കൂലി വാങ്ങിയതായിട്ടാണ് കണ്ടെത്തിയത്്.
ചൈനയില്‍ അഴിമതിക്ക് നല്‍കുന്ന വധശിക്ഷകള്‍ പലപ്പോഴും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ നല്‍കി പിന്നീട് ജീവപര്യന്തമായി കുറയ്ക്കാറുണ്ട്. എന്നാല്‍, വടക്കന്‍ നഗരമായ ടിയാന്‍ജിനിലെ കോടതി 2024 മെയ് മാസത്തില്‍ ആദ്യം വിധിച്ച ബൈയുടെ ശിക്ഷയ്ക്ക് ഇളവുകള്‍ നല്‍കിയില്ല. തന്റെ ശിക്ഷക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയെങ്കിലും യഥാര്‍ത്ഥ വിധി ഫെബ്രുവരിയില്‍ ശരിവച്ചു.
ചൈനയിലെ പരമോന്നത നീതിന്യായ കോടതിയായ സുപ്രീം പീപ്പിള്‍സ് കോര്‍ട്ട് അവലോകനത്തിന് ശേഷം ഈ തീരുമാനം സ്ഥിരീകരിക്കുകയും ബൈയുടെ കുറ്റകൃത്യങ്ങള്‍ ‘അതീവ ഗുരുതരമാണ്’ എന്ന് പ്രസ്താവിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ടിയാന്‍ജിനില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്. അതേസമയം എങ്ങനെയാണ് ശിക്ഷ നടപ്പാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. മറ്റൊരു അഴിമതിക്കേസില്‍ ലായ് സിയാവോമിന്‍ എന്നയാളെ 253 മില്യണ്‍ ഡോളര്‍ കൈക്കൂലി വാങ്ങിയതിന് 2021 ജനുവരിയില്‍ തൂക്കിലേറ്റിയിരുന്നു.
ചൈന വധശിക്ഷാ കണക്കുകള്‍ രഹസ്യമായി വെക്കുകയാണ് പതിവ്. എങ്കിലും, ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ഗ്രൂപ്പുകള്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് ആളുകള്‍ രാജ്യത്ത് വധിക്കപ്പെടുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ചൈനയുടെ സാമ്പത്തിക അഴിമതിക്കെതിരായ ദീര്‍ഘകാല പോരാട്ടത്തില്‍ ശിക്ഷ നേരിടുന്ന ഏറ്റവും ഒടുവിലത്തെ ഉന്നതനാണ് ബൈ.






