Food

സൂക്ഷിക്കുക, പഞ്ചസാരയ്ക്ക് പകരമുള്ള ‘എറിത്രിറ്റോൾ’ തുടങ്ങിയ കൃത്രിമ മധുരങ്ങൾ മരണത്തിനു വരെ കാരണമാകുമെന്ന് പഠനം

 

പഞ്ചസാരയ്ക്ക് പകരക്കാരനായ കൃത്രിമ മധുര ഉത്പന്നങ്ങളിൽ പ്രധാനിയാണ് ‘എറിത്രിറ്റോൾ’. സീറോ കലോറി ഉത്പന്നമായ ‘എറിത്രിറ്റോൾ’ ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെയുള്ള ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. യു.എസിലെ ക്ലെവ് ലാൻ‍ഡ് ക്ലിനിക് ലെർണർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ.

നാച്ച്വർ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘എറിത്രിറ്റോൾ’ അമിതമായി ഉപയോ​ഗിക്കുന്നത് രക്തം കട്ടപിടിക്കുന്നതിനും സ്ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് ​ഗവേഷകർ കണ്ടെത്തി. നേരത്തേ തന്നെ ഹൃദ്രോ​ഗ സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരോ ഡയബറ്റിസ് ഉള്ളവരോ ആണെങ്കിൽ സ്ഥിതി വീണ്ടും ​ഗുരുതരമാകുമെന്നും പഠനം വ്യക്തമാക്കുന്നു.

പരിശോധയ്ക്ക് വിധേയരായവരില്‍ മുക്കാല്‍ ഭാഗവും രക്തസമ്മര്‍ദ്ദവും  അഞ്ചിലൊന്ന് പേര്‍ക്ക് പ്രമേഹവും ഉണ്ടായിരുന്നതായി കണ്ടെത്തി

അമേരിക്കയിലും യൂറോപ്പിലുമുള്ള നാലായിരത്തിൽ പരം പേരിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം കണ്ടെത്തിയത്. ഡയറ്റിൽ അമിതമായി ‘എറിത്രിറ്റോൾ’ ഭാ​ഗമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡെൻവറിൽ നിന്നുള്ള നാഷണൽ ജ്യൂവിഷ് ഹെൽത്ത് ഹോസ്പിറ്റലിലെ ഹൃദ്രോ​ഗവിഭാ​ഗം ഡയറക്ടർ ഡോ.ആൻഡ്ര്യൂ ഫ്രീമാൻ പറയുന്നു.

‘എറിത്രിറ്റോളും’ ഹൃദ്രോ​ഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കണ്ടെത്തൽ തികച്ചും യാദൃശ്ചികമായിരുന്നെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.സ്റ്റാൻലി ഹാസെൻ പറഞ്ഞു. ഒരു വ്യക്തിയുടെ രക്തത്തിലുള്ള കെമിക്കലുകളും ഘടകങ്ങളും ഹൃദ്രോ​ഗ സാധ്യതയും തമ്മിലുള്ള ബന്ധമാണ് ​ഗവേഷകർ കണ്ടെത്താൻ ശ്രമിച്ചത്. അതിനായി ഹൃദ്രോ​ഗ സാധ്യതയുള്ള 1157 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു.

2004 മുതൽ 2011 വരെയുള്ള കാലഘട്ടത്തിലെ സാമ്പിളുകളാണ് ശേഖരിച്ചത്. തുടർന്ന് നടത്തിയ ​ഗവേഷണത്തിലാണ് ‘എറിത്രിറ്റോൾ’ ഹൃദ്രോ​ഗ സാധ്യതയ്ക്ക് കാരണമാകുന്നു എന്ന്​ഗവേഷകർ കണ്ടെത്തിയത്.

തുടർന്ന് കണ്ടെത്തലുകൾ വീണ്ടും ഉറപ്പിക്കാനായി സ്റ്റാൻലിയും സംഘവും യു.എസിൽ നിന്നുള്ള 2100 പേരുടെയും യൂറോപ്പിൽ നിന്നുള്ള 833 പേരുടെയും രക്ത സാമ്പിളുകൾ ശേഖരിക്കുകയുണ്ടായി. അതിൽ പകുതിയോളം പുരുഷന്മാരും അവരുടെ 60-70 വയസ്സുമായിരുന്നു. മൂന്നു വിഭാ​ഗത്തിലും ‘എറിത്രിറ്റോളി’ന്റെ സാന്നിധ്യം കൂടുതലാണെന്നും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നുവെന്നും കണ്ടെത്തി.

പുതിയ കണ്ടെത്തല്‍ തള്ളികളയാനാവില്ല എന്നാണ് ഡെന്‍വറിലെ നാഷണല്‍ ജൂയിഷ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ കാര്‍ഡിയോവാസ്‌കുലര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് വെല്‍നസ് ഡയറക്ടര്‍ ഡോ. ആന്‍ഡ്രൂ ഫ്രീമാൻ്റെ അഭിപ്രായം. അതിനാല്‍ എറിത്രിറ്റോള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രതവേണമെന്നും ഫ്രീമാന്‍ വ്യക്തമാക്കി.

അതേസമയം പഠനറിപ്പോർട്ടിനെതിരെ ‘കലോറി കൗൺസിൽ’ സംഘടന രം​ഗത്തെത്തി. കലോറി കുറഞ്ഞ മധുരമുള്ള ‘എറിത്രിറ്റോൾ’ ഹാനികരമല്ലെന്നും വസ്തുതാവിരുദ്ധമാണ് പഠനറിപ്പോർട്ടെന്നും കലോറി കൗൺസിൽ പറയുന്നു. കലോറി കുറഞ്ഞ ‘എറിത്രിറ്റോൾ’ പോലെയുള്ള കൃത്രിമ മധുര ഉത്പന്നങ്ങൾ സുരക്ഷിതമാണെന്നാണ് മുൻകാല ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നതെന്ന് കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ റോബർട്ട് റാങ്കിൻ പറയുന്നു.

എന്താണ് എറിത്രിറ്റോള്‍?

പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ‘എറിത്രിറ്റോള്‍’. ഇതിലടങ്ങിയിരിക്കുന്ന മധുരത്തിൻ്റെ 70 ശതമാനവും സീറോ കലോറിയാണ്. പഞ്ചസാരയുടെ അതേ രൂപസാദൃശ്യമുള്ള ‘എറിത്രിറ്റോള്‍’ കൃത്രിമമായി ധാരാളം നിര്‍മ്മിക്കപ്പെടുന്നുണ്ട്. നിലവില്‍ സിറോ കലോറി ഉല്‍പന്നമെന്ന് അറിയപ്പെടുന്നതിനാല്‍ തന്നെ പ്രമേഹ രോഗികളടക്കം നിരവധി ആവശ്യക്കാരാണ് ‘എറിത്രിറ്റോളി’നുള്ളത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: